| Sunday, 4th May 2025, 7:17 pm

'6900 ശതമാനം സാലറി ഹൈക്ക് നല്‍കി നിലനിര്‍ത്തിയ നിര്‍ഗുണന്‍'; രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും 'തന്ത്രപരമായ' നീക്കം വീണ്ടും പാളി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മോശം പ്രകടനം തുടര്‍ന്ന് രാജസ്ഥാന്‍ സൂപ്പര്‍ താരം ധ്രുവ് ജുറെല്‍. സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും പരാജയമായി മാറിയതോടെ ആരാധകര്‍ വീണ്ടും ധ്രുവ് ജുറെലിനെതിരെ വിമര്‍ശനങ്ങളുടെ ശരമാരി പൊഴിക്കുകയാണ്. മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് ജുറെല്‍ പുറത്തായത്.

വരുണ്‍ ചക്രവര്‍ത്തിയുടെ പന്തിലായിരുന്നു ജുറെലിന്റെ മടക്കം. ജുറെലിനെ നിഷ്പ്രഭനാക്കി വരുണ്‍ ചക്രവര്‍ത്തിയുടെ മാജിക് ഡെലിവെറി താരത്തിന്റെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.

ധ്രുവ് ജുറെലിന്റെ മോശം ഫോമില്‍ ആരാധകര്‍ ഏറെ നിരാശയിലാണ്. സൂപ്പര്‍ താരം ജോസ് ബട്‌ലറിനെയടക്കം നിലനിര്‍ത്താതെ ഓക്ഷന്‍ പൂളിലേക്കിറക്കിവിട്ട സാഹചര്യത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ധ്രുവ് ജുറെലിനെ നിലനിര്‍ത്തിയത്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ റെക്കോഡ് സാലറി ഹൈക്കാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് ലഭിച്ചത്.

കഴിഞ്ഞ സീസണില്‍ 20 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ജുറെലിന് ഐ.പി.എല്‍ 2025ന് മുന്നേടിയായി 14 കോടിയാണ് റിറ്റെന്‍ഷന്‍ പ്രൈസായി രാജസ്ഥാന്‍ റോയല്‍സ് നല്‍കിയത്. അതായത് 6900 ശതമാനത്തിന്റെ വര്‍ധനവ്!

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് തന്നിലര്‍പ്പിച്ച വിശ്വാസം ഈ സീസണില്‍ ഒരിക്കല്‍പ്പോലും തിരിച്ചുകൊടുക്കാന്‍ ജുറെലിന് സാധിച്ചിട്ടില്ല. 11 ഇന്നിങ്‌സില്‍ നിന്നും 249റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ടീമിന് ഇംപാക്ട് ഉണ്ടാക്കിയ പ്രകടനങ്ങള്‍ ഒന്നോ രണ്ടോ മാത്രം.

റണ്‍സ് നേടാതെ നിരാശരാക്കിയതിന് പുറമെ ധ്രുവ് ജുറെലും രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റൊരു താരമായ ഷിംറോണ്‍ ഹെറ്റ്‌മെയറും ചേര്‍ന്ന് പരാജയപ്പെടുത്തിയ മത്സരങ്ങളെ കുറിച്ചും പരാമര്‍ശിക്കാതെ പോകാന്‍ സാധിക്കില്ല.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ അവസാന ഓവറില്‍ വിജയിക്കാന്‍ ഒമ്പത് റണ്‍സ് മാത്രം മതിയെന്നിരിക്കെ, അവസാന പന്ത് സ്‌ട്രൈക്ക് നേടാന്‍ സിംഗിള്‍ നിഷേധിക്കുകയും, മത്സരം സൂപ്പര്‍ ഓവറിലെത്തിച്ച് പരാജയപ്പെടുത്തുകയും ചെയ്ത ജുറെല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും അവസാന ഓവറില്‍ നിരാശനാക്കിയിരുന്നു.

സൂപ്പര്‍ ജയന്റ്‌സിനെതിരെ അവസാന ഓവറില്‍ വിജയിക്കാന്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെ രണ്ട് റണ്‍സിന് രാജസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ അവസാന മൂന്ന് ഓവറില്‍ 25 റണ്‍സ് നേടാന്‍ സാധിക്കാതെയാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. മത്സരത്തില്‍ 34 പന്തില്‍ താരം 47 റണ്‍സ് നേടിയെങ്കിലും തുടക്കത്തില്‍ പാഴാക്കി കളഞ്ഞ പന്തുകളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

ഇതിനൊപ്പം സഞ്ജു സാംസണ് പകരം വിക്കറ്റ് കീപ്പറുടെ ചുമതയേറ്റെടുത്ത താരം വിക്കറ്റ് കീപ്പിങ്ങിലും പിഴവുകള്‍ വരുത്തിയിരുന്നു. ധോണി സ്‌റ്റൈല്‍ സ്റ്റംപിങ്ങും റണ്‍ഔട്ടുമെല്ലാം ഇനിഷ്യേറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോഴും അത് സാധിക്കാതെ, ചീപ്പ് കോപ്പി മാത്രമായി ജുറെല്‍ ഒതുങ്ങിപ്പോവുകയായിരുന്നു.

ഇപ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരെയും പരാജയപ്പെട്ടതോടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ‘ധ്രുവ് ജുറെല്‍ ഒരു മികച്ച ഫിനിഷറാണ്, ഒരു ദിവസം അവന്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫിനിഷ് ചെയ്യും’ ‘ഇവന് പകരം ജോസ് ബട്‌ലറിനെ നിലനിര്‍ത്തണമായിരുന്നു’ തുടങ്ങിയ ചര്‍ച്ചകളാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്.

ഐ.പി.എല്‍ 2025ല്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ രാജസ്ഥാന്‍ റോയല്‍സിന് മുഖം രക്ഷിക്കാനെങ്കിലും ശേഷിച്ച മത്സരങ്ങളില്‍ വിജയിക്കണം. എന്നാല്‍ അത്തരത്തിലുള്ള ഇന്റന്റോ കോണ്‍ഫിഡന്‍സോ കളിക്കളത്തിലെ ജുറെലിനില്ല എന്നതാണ് ആരാധകരെ നിരാശയിലേക്ക് തള്ളിയിടുന്നത്.

Content Highlight: IPL 2025: Fans criticize Dhruv Jurel’s poor performance

We use cookies to give you the best possible experience. Learn more