| Thursday, 10th April 2025, 8:10 pm

ധോണി ആരാധകനെ പുറത്താക്കൂ, നിനക്ക് പണം തരുന്നത് ധോണിയെ പുകഴ്ത്താനല്ല; അംബാട്ടി റായിഡുവിനെതിരെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനല്‍ അംഗവുമായ അംബാട്ടി റായിഡുവിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. താന്‍ എം.എസ്. ധോണിയുടെ കടുത്ത ആരാധകനാണെന്ന റായിഡുവിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ഞാന്‍ തലയുടെ ആരാധകനായിരുന്നു. ഞാന്‍ തലയുടെ ആരാധകനാണ്. ഞാന്‍ എപ്പോഴും തലയുടെ ആരാധകനായിരിക്കും. ആര് എന്ത് വിചാരിച്ചാലും ചെയ്താലും അതൊന്നും എനിക്കൊരു പ്രശ്നമല്ല. അദ്ദേഹത്തിനോടുള്ള ആരാധനയില്‍ ഒരു ശതമാനം പോലും വ്യത്യാസമുണ്ടാക്കില്ല.

അതിനാല്‍ ദയവായി പണമടച്ചുള്ള പി.ആറില്‍ പണം ചെലവഴിക്കുന്നത് നിര്‍ത്തി അത് ചാരിറ്റിക്ക് സംഭാവന ചെയ്യുക. നിരവധി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും,’ എന്നായിരുന്നു റായിഡു തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

ഇതിന് പിന്നാലെയാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒരു കമന്റേറ്റര്‍ ഒരിക്കലും ഒരു ടീമിനെയോ താരത്തെയോ പിന്തുണച്ചുകൊണ്ട് സംസാരിക്കരുതെന്നും ധോണിയെ പുകഴ്ത്താന്‍ മത്സരത്തിന്റെ കമന്ററികള്‍ ഉപയോഗിക്കാതെ സ്വന്തം പ്ലാറ്റ്‌ഫോമുകളില്‍ ചെയ്യൂ എന്നും ആരാധകര്‍ പറയുന്നുണ്ട്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ആരാധകര്‍ ഓരോ പോസ്റ്റുകളും പങ്കുവെക്കുന്നത്.

‘എന്തുകൊണ്ടാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പക്ഷപാതം കാണിക്കുന്ന ആളുകളെ കമന്റേറ്റര്‍മാരായി ഉള്‍പ്പെടുത്തുന്നത്? കമന്റേറ്റര്‍മാര്‍ ന്യൂട്രല്‍ ആയിരിക്കണം. ഒരു താരത്തോടോ ടീമിനോടോ പക്ഷപാതമേതുമില്ലാതെ കളി വ്യാഖ്യാനിക്കാനും വിശകലനം ചെയ്യാന്‍ സാധിക്കുന്നവനുമായിരിക്കണം.

ഇത്രത്തോളം വലിയ ലെവലില്‍ കളിച്ചിട്ടില്ല എന്നതിനാല്‍ കളിയെ കുറിച്ച് അധികം അറിയില്ല, ഇതുകൊണ്ടാണ് കമന്ററിയെ ആശ്രയിക്കുന്നത്. എന്നാല്‍ കമന്റേറ്റര്‍മാര്‍ തന്നെ തങ്ങള്‍ക്ക് മത്സരത്തെ കുറിച്ച് ഒന്നും അറിയില്ല എന്ന രീതിയില്‍ പെരുമാറുകയും ഒരു ടീമിനെ കുറിച്ചോ താരത്തെ കുറിച്ചോ വാചാലരാവുകയും ചെയ്താല്‍ എന്ത് ചെയ്യും?’ ഒരു ആരാധകര്‍ കുറിച്ചു.

അതേസമയം, ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിന് പിന്നാലെ എം.എസ്. ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. ഐ.പി.എല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ ധോണിയാകും ടീമിനെ നയിക്കുക.

ഗെയ്ക്വാദിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്നും സീസണിലെ എല്ലാ മത്സരങ്ങളും പൂര്‍ണമായും നഷ്ടമാകുമെന്നും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ് വ്യക്തമാക്കി. അടുത്ത ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് ഗെയ്ക്വാദിന് പരിക്കേല്‍ക്കുന്നത്. മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം കൂടിയായിരുന്ന തുഷാര്‍ ദേശ്പാണ്ഡേയുടെ ഡെലിവെറി താരത്തിന്റെ കയ്യിലടിച്ചുകൊള്ളുകയായിരുന്നു.

ഇതുവരെ കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്സിന് ഗെയ്ക്വാദിന്റെ അഭാവം വലിയ തിരിച്ചിടയാണ് നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്റെ റോളില്‍ ധോണിയോ മറ്റേത് താരമോ എത്തിയാലും ഗെയ്ക്വാദ് എന്ന ബാറ്ററുടെ അഭാവം മറികടക്കുക സൂപ്പര്‍ കിങ്സിനെ സംബന്ധിച്ച് ഏറെ പ്രയാസമായിരിക്കും.

Content Highlight: IPL 2025: Fans criticize Ambati Rayudu’s Dhoni worship

We use cookies to give you the best possible experience. Learn more