ഇന്ത്യ -പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുകയാണ്. മെയ് 17 മുതലാണ് സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ തുടങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് പതിനെട്ടാം സീസണിന്റെ ‘രണ്ടാം ഭാഗ’ത്തിന് തുടക്കമാവുക.
ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായ ദല്‍ഹി ക്യാപിറ്റല്‍സിന് ലഭിച്ചിരിക്കുന്നത് മുട്ടന്‍ പണിയാണ്. ടീമിന്റെ സൂപ്പര്‍ ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസും ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിന് ഒപ്പമുണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ, ഓസ്ട്രേലിയന്‍ താരമായ ജേക്ക് ഫ്രേസര്‍ മഗ്കര്‍ക്ക് ടീമിനൊപ്പമില്ലെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് അറിയിച്ചിരുന്നു. താരത്തിന് പകരക്കാരനായി ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ടീം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ വരവും അനിശ്ചിതാവസ്ഥയിലാണ്.
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങുമോ എന്നതില്‍ ഇതുവരെ സ്ഥിരീകരണം ഒന്നും നല്‍കിയിട്ടില്ല. കൂടാതെ ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലെ സൗത്ത് ആഫ്രിക്കയുടെ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ട്രിസ്റ്റന്‍ സ്റ്റബ്‌സ് ഗ്രൂപ്പ് ഘട്ടങ്ങളില്‍ മാത്രമേ ടീമിന്റെ ഭാഗമാവുകയുള്ളു. ഇതിന് പിന്നാലെയാണ് ഫാഫും ടീമില്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ഫാഫ് ഡു പ്ലെസിസ് കൂടെ ടീമില്‍ നിന്ന് പോകുന്നതോടെ ദല്‍ഹിയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഏറ്റത്. താരം ആറ് മത്സരങ്ങളില്‍ നിന്ന് ക്യാപിറ്റല്‍സിനായി 168 റണ്‍സ് നേടിയിട്ടുണ്ട്. 28 ശരാശരിയും 128.24 സ്‌ട്രൈക്ക് റേറ്റുമാണ് ഫാഫിന് ഈ സീസണിലുള്ളത്.
നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനക്കാരായ ദല്‍ഹി ക്യാപിറ്റല്‍സിന് ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമാണ്. 11 മത്സരങ്ങളില്‍ ആറ് വിജയവും നാല് തോല്‍വിയുമടക്കം 13 പോയിന്റാണ് ടീമിനുള്ളത്.
Content Highlight: IPL 2025: Faf Du Plessis will not return Delhi Capitals when IPL resumes: Report