| Friday, 30th May 2025, 9:43 pm

ഡബിള്‍ റെക്കോഡ്! ഷോ എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകും; കരിയര്‍ തന്നെ തിരുത്തിയെഴുതിയ നേട്ടങ്ങളുമായി ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പടുകൂറ്റന്‍ ടോട്ടലുമായി മുംബൈ ഇന്ത്യന്‍സ്. മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്.

മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ടിലാണ് ടീം മികച്ച സ്‌കോറിലേക്ക് നടന്നടുത്തത്. 50 പന്തില്‍ നിന്നും നാല് സിക്‌സറും ഒമ്പത് ഫോറുമടക്കം 81 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്.

എലിമിനേറ്ററിലെ താണ്ഡവത്തിന് പിന്നാലെ ഒന്നല്ല, രണ്ട് തകര്‍പ്പന്‍ റെക്കോഡുകളാണ് രോഹിത് ശര്‍മയുടെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. ഐ.പി.എല്ലില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലും 300 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലും ഇടം നേടിയാണ് രോഹിത് സ്വന്തം കരിയര്‍ തന്നെ തിരുത്തിക്കുറിച്ചിരിക്കുന്നത്.

ടൈറ്റന്‍സിനെതിരെ വെറും നാല് റണ്‍സ് കണ്ടെത്തിയാല്‍ രോഹിത്തിന് 7000 റണ്‍സിലെത്താന്‍ സാധിക്കുമായിരുന്നു. ഐ.പി.എല്ലില്‍ 7,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് മത്രം താരമാണ് രോഹിത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 258 – 8618

രോഹിത് ശര്‍മ – 267 – 7077*

ശിഖര്‍ ധവാന്‍ – 221 – 6769

ഡേവിഡ് വാര്‍ണര്‍ – 184 – 6565

സുരേഷ് റെയ്‌ന – 200 – 5528

എം.എസ്. ധോണി – 242 – 5439

ഐ.പി.എല്ലില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് താരമെന്ന പോലെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 300 സിക്‌സര്‍ പൂര്‍ത്തിയാക്കിയ രണ്ടാമത് താരവും രോഹിത് തന്നെയാണ്.

ഈ മത്സരത്തില്‍ രണ്ട് സിക്‌സര്‍ നേടിയാല്‍ രോഹിത്തിന് സിക്‌സറടിയില്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ രോഹിത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ നാല് പടുകൂറ്റന്‍ സിക്‌സറുകളാണ് രോഹിത് അടിച്ചെടുത്തത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരം

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 141 – 357

രോഹിത് ശര്‍മ – 266 – 302*

വിരാട് കോഹ് ലി – 258 – 291

എം.എസ്. ധോണി – 242 – 264

എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 251

രോഹിത് ശര്‍മയ്ക്ക് പുറമെ അരങ്ങേറ്റക്കാരന്‍ ജോണി ബെയര്‍സ്‌റ്റോയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിരുന്നു. 22 പന്ത് മാത്രം നേരിട്ട് നാല് ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 213.64 സ്‌ട്രൈക്ക് റേറ്റില്‍ 47 റണ്‍സാണ് അടിച്ചെടുത്തത്.

20 പന്തില്‍ 33 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 11 പന്തില്‍ 25 റണ്‍സ് നേടിയ തിലക് വര്‍മയും അവസാന ഓവറില്‍ മൂന്ന് സിക്‌സറടക്കം ഒമ്പത് പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും നിര്‍ണായകമായി.

ടൈറ്റന്‍സിനായി സായ് കിഷോറും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമന്‍ ധിര്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രാജ് ബാവ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, റിച്ചാര്‍ഡ് ഗ്ലീസണ്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Content Highlight: IPL 2025: Eliminator: GT vs MI: Rohit Sharma completed 7000 runs and 300 sixes in IPL

We use cookies to give you the best possible experience. Learn more