| Tuesday, 3rd June 2025, 11:14 am

എന്റെ ജിവിതത്തിന്റെ കണ്ണുതുറപ്പിച്ച വ്യക്തിയാണവന്‍: ദിനേശ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത രണ്ട് ശക്തമായ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പുതിയ ചാമ്പ്യന്‍സിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്ലോകം. കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ഇന്ന് അഹമ്മദാബാദില്‍ ഇറങ്ങും.

ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്സ് ഫൈനലിന് യോഗ്യത നേടിയത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് രജത് പാടിദറും സംഘവും ഫൈനലില്‍ പ്രവേശിച്ചത്. ഇപ്പോള്‍ ബെംഗളൂരുവിന്റെ പരിശീലകന്‍ ദിനേശ് കാര്‍ത്തിക് പാടിദറിനെക്കുറിച്ച് സംസാരിക്കുകയാണ്. തന്റെ ജീവിതത്തിന്റെ കണ്ണ് തുറപ്പിച്ച വ്യക്തിയാണ് രജതെന്നും അധികാരം ലഭിക്കുമ്പോള്‍ ആളുകള്‍ മാറുന്നത് സാധാരണയാണെന്നും എന്നാല്‍ രജതിന് ഒരു മാറ്റവുമില്ലെന്നും കാര്‍ത്തിക് പറഞ്ഞു.

‘എന്റെ ജീവിതത്തിന്റെ കണ്ണുതുറപ്പിച്ച വ്യക്തിയാണ് അദ്ദേഹം. അധികാരം ലഭിക്കുമ്പോള്‍ ആളുകള്‍ മാറും, അത് സാധാരണമാണ്. എന്നാല്‍ രജത് പാടിദാറിന്റെ കാര്യത്തില്‍ അത് ശരിയല്ല. അവന്‍ ബെംഗളൂരുവിനെ മുന്നോട്ട് കൊണ്ടുപോകുകയും വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു.

അദ്ദേഹം വ്യത്യസ്തമായി പെരുമാറുന്നത് ഞങ്ങള്‍ കണ്ടില്ല. ക്യാപ്റ്റന്റെ ആംബാന്‍ഡ് ലഭിക്കുന്നതിന് മുമ്പുള്ളതുപോലെ തന്നെയാണ് അദ്ദേഹം,’ ബെംഗളൂരുവിന്റെ ജേര്‍ണി ടു ദി ഫിനാലെയുടെ രണ്ടാം എപ്പിസോഡില്‍ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ വമ്പന്‍ താരങ്ങളെ സ്വന്തമാക്കിയ ടീമുകളിലൊന്നായിരുന്നു ബെംഗളൂരു. എന്നാല്‍ കിരീടത്തിനടുത്തെത്താന്‍ മാത്രമേ ബെംഗളൂരുവിന് സാധിച്ചിരുന്നുള്ളൂ. സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത കിരീടത്തിലേക്കാണ് ഒരു പുതിയ ക്യാപ്റ്റന്‍ നടന്നടുക്കുന്നത്.

ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും പാടിദാര്‍ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസണില്‍ 286 റണ്‍സാണ് താരം ഇതുവരെ നേടിയത്. 23.83 എന്ന ആവറേജിലും 142.29 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 2025 സീസണിലാണ് രജതിനെ ബെംഗളൂരു ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നത്. 2024/25 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലേക്ക് നയിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ക്യാപ്റ്റന്‍സി മികവ്.

Content Highlight: IPL 2025: Dinesh Karthik Praises Rajat Paditar

We use cookies to give you the best possible experience. Learn more