ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും സാധിച്ചു.
പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് പുറത്തായത്.
180.00 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരത്തെ ദിഗ്‌വേശ് സിങ് രാഥിയാണ് പുറത്താക്കിയത്. അയ്യരെ മയങ്ക് യാദവിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു ദിഗ്‌വേശ്. മത്സരത്തിലെ 12ാം ഓവറിന് എത്തിയ ദിഗ്‌വേശിനെ ആദ്യ പന്തില്‍ സിക്‌സറിന് പറത്തിയെങ്കിലും രണ്ടാം പന്തില്‍ പുറത്താക്കി തന്റെ മാസ്റ്റര്‍ പീസ് സെലിബ്രേഷന്‍ ചെയ്യാനും ദിഗ്‌വേശ് മടിച്ചില്ല.
ഇതോടെ ഒരു നേട്ടം സ്വന്തമാക്കാനും ദിഗ്‌വേശിന് സാധിച്ചിരിക്കുകയാണ്. 2025 സിസണില്‍ ശ്രേയസ് അയ്യരെ പുറത്താക്കുന്ന ആദ്യ സ്പിന്നറാകാനാണ് താരത്തിന് സാധിച്ചത്.
ലഖ്‌നൗവിന് എതിരായ മത്സരത്തിന് മുമ്പ് മതീഷ പതിരാന, ഹര്‍ഷല്‍ പട്ടേല്‍, ജോഫ്ര ആര്‍ച്ചര്‍, ഖലീല്‍ അഹമ്മദ്, ജോഷ് ഹേസല്‍വുഡ്, ഹര്‍ഷിത് റാണ, റൊമാരിയോ ഷെപ്പേര്‍ഡ് എന്നീ പേസര്‍മാര്‍ക്കാണ് അയ്യര്‍ വിക്കറ്റ് നല്‍കിയത്. സീസണില്‍ പഞ്ചാബിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുന്ന അയ്യരുടെ വിക്കറ്റ് ദിഗ്‌വേശിന് സ്പിന്നര്‍ എന്ന നിലയില്‍ ഒരു പെ ന്‍തൂവല്‍ തന്നെയാണ്.
നിലവില്‍ സീസണിലെ 11 മത്സരങ്ങളില്‍ നിന്ന് 405 റണ്‍സാണ് അയ്യര്‍ നേടിയത്. 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 50.63 ആവറേജും താരം സ്വന്തമാക്കി. 180.80 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. നാല് അര്‍ധ സെഞ്ച്വറികളാണ് സീസണില്‍ താരം നേടിയത്. 27 സിക്‌സറും 27 ഫോറും സീസണില്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്.
ക്യാപ്റ്റനായും ബാറ്ററായും കഴിവ് തെളിയിച്ച് അയ്യര്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടാനുള്ള വലിയ തയ്യാറെടുപ്പിലാണ്. 2024 സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കിരീടം സ്വന്തമാക്കിയെങ്കിലും 2025 സീസണിന് മുന്നോടിയായി അയ്യരെ വിട്ടയക്കുകയായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ ഇത്തവണ റിക്കി പോണ്ടിങ്ങിന്റെ കീഴില്‍ അയ്യരും സംഘവും വമ്പന്‍ കുതിപ്പിലാണ്.
നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 15 പോയിന്റാണ് പഞ്ചാബ് നേടിയത്. രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് പ്ലേ ഓഫിലെത്തുമെന്നത് ഉറപ്പാണ്. മെയ് ഒമ്പതിന് നടക്കുന്ന അടുത്ത മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്.
Content Highlight: IPL 2025: Digvesh Singh In Wonderful Record Achievement Against Shreyas Iyer In 2025 IPL