| Thursday, 8th May 2025, 11:02 am

ബെംഗളൂരുവിന് തിരിച്ചടി, പരിക്കേറ്റ സൂപ്പര്‍ താരം പുറത്ത്; പകരമെത്തിച്ചത് ലേലത്തില്‍ വിറ്റുപോകാത്തവനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മികച്ച ഫോമില്‍ മുന്നോട്ടുപോവുന്ന റോയല്‍ ബെംഗളൂരുവിന് കനത്ത തിരിച്ചടി. ബെംഗളുരുവിന്റെ ബാറ്റിങ് നിരയില്‍ നിര്‍ണായക പങ്ക് വഹിച്ച യുവതാരം ദേവ്ദത്ത് പടിക്കല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വലതു കൈത്തണ്ടയിലെ പരിക്കിനെത്തുടര്‍ന്നാണ് സീസണിലെ ശേഷിച്ച മത്സരങ്ങളില്‍ നിന്ന് പടിക്കല്‍ പുറത്തായത്.

താരത്തിന് പകരക്കാരനെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ താരവും കര്‍ണാടക ആഭ്യന്തര ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെയാണ് ബെംഗളൂരു പകരക്കാരനായി ടീമിലെത്തിച്ചത്.

ടൂര്‍ണമെന്റില്‍ അഞ്ച് ടീമിനൊപ്പം അനുഭവ സമ്പത്തുള്ള അഗര്‍വാള്‍ സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ ബോള്‍ഡ് ആര്‍മിയുടെ ഭാഗമാകും. ഐ.പി.എല്ലില്‍ തന്റെ കരിയര്‍ ആരംഭിച്ച ടീമിനൊപ്പം തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഐ.പി.എല്ലില്‍ 2011ല്‍ അരങ്ങേറ്റം കുറിച്ച അഗര്‍വാള്‍ 127 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 14 സീസണുകളില്‍ നിന്നായി
വലംകൈയ്യന്‍ ബാറ്റര്‍ 22.74 ശരാശരിയിലും 133.05 സ്‌ട്രൈക്ക് റേറ്റിലും 2,661 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറികളും അടങ്ങുന്നതാണ് താരത്തിന്റെ ഐ.പി.എല്‍ കരിയര്‍.

ബെംഗളുരുവിന് പുറമെ മായങ്ക് ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനൊപ്പമായിരുന്ന താരത്തെ മെഗാ ലേലത്തില്‍ അണ്‍ സോള്‍ഡായിരുന്നു.

മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്രധാന ഓപ്പണിങ് ബാറ്ററായിരുന്നു. 2022 മാര്‍ച്ചിലാണ് തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 21 ടെസ്റ്റുകളില്‍ നിന്ന് 41.33 ശരാശരിയില്‍ 1,488 റണ്‍സ് അഗര്‍വാള്‍ നേടിയിട്ടുണ്ട്. നാല് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

അതേസമയം പടിക്കല്‍ പുറത്തായത് ആര്‍.സി.ബിയ്ക്ക് വലിയ നഷ്ടമാണ്. ടീമിനായി സീസണില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിരുന്നു. പടിക്കലിന് ഈ സീസണില്‍ 10 ഇന്നിങ്സുകളില്‍ 247 റണ്‍സ് നേടിയിട്ടുണ്ട്. 27.44 ആവറേജിലും 150.60 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത പടിക്കല്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. താരം ടീമിന്റെ റണ്‍ വേട്ടക്കാരില്‍ രണ്ടാമനായിരുന്നു.

Content Highlight: IPL 2025: Devdutt Padikkal ruled out of the IPL and Royal Challengers Bengaluru named Mayank Agarwal as replacement

Latest Stories

We use cookies to give you the best possible experience. Learn more