ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ക്യാപ്പിറ്റല്‍സ് പ്ലേ ഓഫിന് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ തോല്‍വിയാണ് ക്യാപ്പിറ്റല്‍സിന് ഏറ്റുവാങ്ങേണ്ടി വന്നത്.
മുംബൈ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് 121 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
പ്ലേ ഓഫിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയതോടെ ഒരു മോശം നേട്ടമാണ് ക്യാപ്പിറ്റല്‍സിന്റെ പേരില്‍ കുറിക്കപ്പെട്ടത്. സീസണിലെ ആദ്യ നാല് മത്സരത്തിലും വിജയിച്ച ശേഷം പ്ലേ ഓഫ് യോഗ്യത നേടാന്‍ സാധിക്കാതെ പോയെ ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ ടീം എന്ന മോശം നേട്ടമാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ വിജയിച്ചാണ് ക്യാപ്പിറ്റല്‍സ് ഐ.പി.എല്‍ 2025 ക്യാംപെയ്ന്‍ ആരംഭിച്ചത്. രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയ ക്യാപ്പിറ്റല്‍സ് മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 25 റണ്‍സിനും പരാജയപ്പെടുത്തി.
റോയല്‍ ചലഞ്ചേഴ്‌സിനെതിരായ നാലാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. കെ.എല്‍. രാഹുലിന്റെ കാന്താരാ സെലിബ്രേഷനിലൂടെ ഐക്കോണിക്കായ മത്സരം ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു.
ആദ്യ ഘട്ടത്തിലെ ടീമിന്റെ കുതിപ്പ് കണ്ട് എല്ലാ ആരാധകരും ഒരുവേള ക്യാപ്പിറ്റല്‍സ് കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു.
സീസണിലെ അഞ്ചാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റെങ്കിലും അടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നേറ്റ തോല്‍വികള്‍ ടീമിനെ പ്ലേ ഓഫില്‍ നിന്നും പുറത്താക്കുകയായിരുന്നു.
മെയ് 24നാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.
Content Highlight: IPL 2025: Delhi Capitals become the first team in IPL history to not qualify for playoffs after winning first four matches