| Tuesday, 1st April 2025, 8:20 am

ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പ്രധാന വ്യത്യാസം; വിജയത്തിന് പിന്നാലെ തുറന്നുപറഞ്ഞ് ചഹര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് മൂന്നാം മത്സരത്തില്‍ ടീം ഗംഭീര തിരിച്ചുവരവ് നടത്തിയത്.

സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത മുംബൈ എതിരാളികളെ വെറും 116 റണ്‍സിന് പുറത്താക്കുകയും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയുമായിരുന്നു.

മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റക്കാരന്‍ അശ്വനി കുമാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് ഓവറില്‍ 24 റണ്‍സിന് നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതിന് പുറമെ ദീപക് ചഹര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്നര്‍, ട്രെന്റ് ബോള്‍ട്ട്, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

സീസണിലെ ആദ്യ വിജയത്തിന് പിന്നാലെ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ പേസര്‍ ദീപക് ചഹര്‍. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചാണ് മുന്‍ ചെന്നൈ താരം കൂടിയായ ചഹര്‍ സംസാരിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒറ്റ ലീഡര്‍ മാത്രമേ ഉള്ളുവെന്നും എന്നാല്‍ മുംബൈയ്ക്ക് ഒന്നിലധികം ആളുകള്‍ ഇത്തരത്തിലുണ്ടെന്നുമാണ് ചഹര്‍ പറയുന്നത്. മത്സരശേഷം സംസാരിക്കുകയായിരുന്നു ചഹര്‍.

‘സി.എസ്.കെയ്ക്ക് ഒറ്റ ലീഡര്‍ മാത്രമാണുള്ളത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് ഒരുപാട് ലീഡര്‍മാരുണ്ട്. ഇതാണ് ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. ടീം അന്തരീക്ഷവും ഏറെ വ്യത്യാസമാണ്.

ഇരു ടീമുകളും ഐ.പി.എല്‍ കിരീടം സ്വന്തമാക്കാനായാണ് മത്സരിക്കുന്നത്. ആദ്യ ദിവസം മുതല്‍ ഐ.പി.എല്‍ ജയിക്കാനും കിരീടമുയര്‍ത്താനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഫ്രാഞ്ചൈസികള്‍ പറഞ്ഞുകൊണ്ടിരിക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നപ്പോള്‍, ഐ.പി.എല്ലില്‍ എന്റെ അവസാന ഓവറാണ് എറിയുന്നത് എന്ന മനോഭാവത്തില്‍ പന്തെറിയാനാണ് അവര്‍ ആവശ്യപ്പെട്ടത്.

ഫൈനലിലെ അവസാന ഓവറാണ് നിങ്ങള്‍ നേരിടുന്നത് എന്ന രീതിയില്‍ ബാറ്റ് ചെയ്യാനാണ് അവര്‍ ബാറ്റര്‍മാരോട് ആവശ്യപ്പെട്ടത്. ചാമ്പ്യന്‍ഷിപ്പുകള്‍ വിജയിക്കുക എന്നത് മാത്രമായിരുന്നു ഏക ലക്ഷ്യം,’ ചഹര്‍ പറഞ്ഞു.

അതേസമയം, ആദ്യ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ വന്‍ കുതിപ്പാണ് മുംബൈ നടത്തിയത്. പത്താം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേക്കാണ് മുംബൈ ചെന്നെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാകട്ടെ പത്താം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

ഏപ്രില്‍ നാലിനാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി.

Content Highlight: IPL 2025: Deepak Chahar about Chennai Super Kings and Mumbai Indians

Latest Stories

We use cookies to give you the best possible experience. Learn more