| Friday, 30th May 2025, 4:44 pm

ആ കാര്യത്തില്‍ നിന്ന് വിരാട് എന്നെ വിലക്കി, പക്ഷെ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു; തുറന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കരുത്തരായ പഞ്ചാബിനെ അവരുടെ തട്ടകമായ മുല്ലാന്‍പൂരില്‍ 60 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ബെംഗളൂരു ക്വാളിഫയറില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതുവരെ ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ സാധിക്കാത്ത ബെംഗളൂരുവിന് കിരീടം ചൂടാന്‍ ഇനി വെറും ഒരു വിജയത്തിന്റെ ദൂരം മാത്രമാണുള്ളത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പഞ്ചാബിനെ 101 റണ്‍സില്‍ ഒതുക്കുകയായിരുന്നു ബെംഗളൂരു. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി 106 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ബെംഗളൂരു ഐ.പി.എല്ലിന്റെ 18ാം സീസണില്‍ കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടീം ഫൈനലില്‍ എത്തിയതിന് പിന്നാലെ മുന്‍ ബെംഗളൂരു താരം എ.ബി. ഡിവില്ലിയേഴ്സിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഈ സാല കപ്പ് നംദേ എന്ന് ആരാധകര്‍ എപ്പോഴും പറയുന്ന വാക്ക് പറയുന്നതില്‍ നിന്നും വിരാട് കോഹ്‌ലി തന്നെ വിലക്കിയതായി എ.ബി.ഡി വീഡിയോയില്‍ പറയുന്നു. ടീം കിരീടം നേടാന്‍ ഒരുങ്ങിയിരിക്കുന്നെന്നും ബെംഗളൂരുവിന്റെ മത്സരം കാണാന്‍ കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ ബെംഗളൂരുവിന്റെ വിജയം ആഘോഷിക്കുകയായിരുന്നു വില്ലി.

‘ഒടുവില്‍ ആ സമയം വന്നിരിക്കുകയാണ്. ആര്‍.സി.ബി കിരീടത്തിന് അടുത്ത് എത്തിയിരിക്കുന്നു. ബെംഗളൂരു ആരാധകര്‍ എപ്പോഴും പറയുന്ന ആ വാക്ക് പറയാന്‍ എനിക്ക് അനുവാദമില്ല. വിരാട് എന്നെ അതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. പക്ഷേ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. നമ്മള്‍ എന്തായാലും ഇത്തവണ അത് നേടുമെന്ന്. അതിനാല്‍ കാത്തിരിക്കുക, ബെംഗളൂരുവിന്റെ മത്സരം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ ഡിവില്ലിയേഴ്സ് പറഞ്ഞു.

ഐ.പി.എല്ലില്‍ കൂടുതല്‍ തവണ ഫൈനലില്‍ എത്തുന്ന മൂന്നാമത്തെ ടീമാകാനും ബെംഗളൂരുവിന് സാധിച്ചിരുന്നു. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് ചെന്നൈയാണ്. 10 തവണയാണ് ചെന്നൈ ഫൈനലില്‍ എത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള മുംബൈ ആറ് തവണയും ഫൈനലിലെത്തി. ബെംഗളൂരു ഇത് നാലാം തവണയാണ് ഐ.പി.എല്‍ ഫൈനലില്‍ എത്തുന്നത്.

Content Highlight: IPL 2025: De Villiers spoke about Bengaluru, the first finalist of IPL 2025

We use cookies to give you the best possible experience. Learn more