ഐ.പി.എല്‍ 2025ലെ 55ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തുടക്കത്തിലേ എറിഞ്ഞിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മികച്ച ബൗളിങ് പ്രകടനമാണ് ക്യാപ്പിറ്റല്‍സിനെ വന്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടത്.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തന്റെ തീരുമാനം ശരിവെച്ചുകൊണ്ട് പന്തെറിഞ്ഞു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് കമ്മിന്‍സ് വേട്ടയ്ക്ക് തുടക്കമിട്ടത്.
ആദ്യ ഓവറിലെ ആദ്യ പന്തില്‍ കരുണ്‍ നായരിനെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലൊതുക്കി കമ്മിന്‍സ് മടക്കി. ലൈനും ലെങ്ത്തും കൃത്യമായി അളന്നുമുറിച്ച് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ബാറ്റ് വെച്ച കരുണ്‍ നായരിന് പിഴയ്ക്കുകയും ഐ.പി.എല്‍ കരിയറിലെ അഞ്ചാം ഡക്ക് തന്റെ പേരിലെഴുതിച്ചേര്‍ത്ത് താരം മടങ്ങുകയും ചെയ്തു.
അധികം വൈകാതെ വൈസ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും മടങ്ങി. ടീം സ്‌കോര്‍ ആറില്‍ നില്‍ക്കവെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഇഷാന്‍ കിഷന്റെ കൈകളിലൊതുങ്ങിയാണ് ഫാഫ് മടങ്ങിയത്.
തന്റെ സ്‌പെല്ലിലെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ദല്‍ഹിയുടെ രണ്ടാം ഓപ്പണര്‍ക്കും പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഫാഫിന് നേടാന്‍ സാധിച്ചത്.
ക്യാപ്പിറ്റല്‍സ് ഇന്നിങ്‌സിലെ അഞ്ചാം ഓവറിലെ, കമ്മിന്‍സിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വീണ്ടും വിക്കറ്റ് വീണു. ഇത്തവണ അഭിഷേക് പോരലായിരുന്നു ആ നിര്‍ഭാഗ്യവാന്‍. ഇത്തവണയും വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചാണ് ദല്‍ഹി ബാറ്ററെ കമ്മിന്‍സ് മടക്കിയത്. 14 പന്തില്‍ പത്ത് റണ്‍സാണ് താരം സ്വന്തമാക്കിയത്.
പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ്, മൂന്ന് ഓവറിലെയും ആദ്യ പന്തുകളില്‍ വിക്കറ്റ് നേടിയാണ് കമ്മിന്‍സ് തിളങ്ങിയത്. ഈ മൂന്ന് ഓവറിലുമായി വിട്ടുകൊടുത്തതാകട്ടെ വെറും 12 റണ്‍സും.
പവര്‍പ്ലേയിലെ മൂന്ന് വിക്കറ്റ് നേട്ടത്തിനൊപ്പം ദല്‍ഹി നായകനെ പുറത്താക്കാനായി ഒരു മികച്ച ക്യാച്ചും കമ്മിന്‍സ് കയ്യിലൊതുക്കിയിരുന്നു. ഹര്‍ഷല്‍ പട്ടേലാണ് അക്‌സറിനെ മടക്കിയത്.
30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ ദല്‍ഹി ബാറ്റിങ് നിരയുടെ പകുതിയും ഒലിച്ച് പോയിരുന്നു. നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയിലാണ് ക്യാപ്പിറ്റല്‍സ്. 15 പന്തില്‍ 14 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും 17 പന്തില്‍ 18 റണ്‍സുമായി വിപ്രജ് നിഗവുമാണ് ക്രീസില്‍.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
ഫാഫ് ഡു പ്ലെസി, അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, ടി. നടരാജന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‌റിക് ക്ലാസന്‍, അനികേത് വര്‍മ, സച്ചിന്‍ ബേബി, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ, ജയ്‌ദേവ് ഉനദ്കട്.
Content Highlight: IPL 2025: DC vs SRH: Pat Cummins’ brilliant bowling against Delhi Capitals