ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടിരുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്.
ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ റോയല്‍ ചലഞ്ചേഴ്സ് മറികടക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെയും വിരാട് കോഹ്ലിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളും ടിം ഡേവിഡിന്റെ ഫിനിഷിങ്ങുമാണ് ചെയ്സിങ്ങില്‍ ടീമിന് തുണയായത്.
മത്സര ശേഷം ബെംഗളരുവിനെതിരായ പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് ദല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്സര്‍ പട്ടേല്‍ സംസാരിച്ചിരുന്നു. ബാറ്റിങ്ങില്‍ ദല്‍ഹി ബാറ്റര്‍മാര്‍ക്ക് കാര്യമായി ചെയ്യാന്‍ കഴിഞ്ഞില്ലെന്നും നിരവധി ക്യാച്ചുകള്‍ തങ്ങള്‍ വിട്ടു കളഞ്ഞെന്നും അക്സര്‍ പറഞ്ഞു. 10-15 റണ്‍സ് അധികമായി നേടുകയും ഒരു ബാറ്ററെങ്കിലും ക്രീസില്‍ തുടര്‍ന്നിരുന്നെങ്കിലും തങ്ങള്‍ക്ക് കളി ജയിക്കാമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്ക് 10-25 റണ്‍സ് കുറവായിരുന്നു. ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നത് എളുപ്പമായിരുന്നില്ല. ഫീല്‍ഡിങ്ങില്‍ ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെച്ചില്ല. നിരവധി ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി.
ബാറ്റര്‍മാര്‍ക്ക് വിക്കറ്റ് ബുദ്ധിമുട്ടായിരുന്നു. ബാറ്റിങ്ങില്‍ ഞങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 10-15 റണ്‍സ് അധികമായി നേടുകയും ഒരു ബാറ്ററെങ്കിലും ക്രീസില്‍ തുടര്‍ന്നിരുന്നെങ്കിലും ഞങ്ങള്‍ക്ക് കളി ജയിക്കാമായിരുന്നു,’ അക്സര്‍ പറഞ്ഞു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍മാരായ അഭിഷേക് പോറലും ഫാഫ് ഡു പ്ലെസിസും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നെങ്കിലും ക്യാപ്പിറ്റല്‍സിന് മുതലാക്കാനായില്ല.
പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ബെംഗളൂരു ബൗളര്‍മാര്‍ ദല്‍ഹിയെ തളച്ചത്. 39 പന്തില്‍ 41 റണ്‍സെടുത്ത കെ.എല്‍. രാഹുലും 18 പന്തില്‍ 34 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സുമാണ് ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ചത്. മറ്റാര്‍ക്കും ടീമിനായി മികവ് പുലര്‍ത്താനായില്ല.
ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് നേടി. ക്രുണാല്‍ പാണ്ഡ്യയും യാഷ് ദയാലുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് തുടക്കം പിഴച്ചിരുന്നു. 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ടീം സമ്മര്‍ദത്തിലേക്ക് വഴുതി വീണു.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട്-ക്രുണാല്‍ സഖ്യം പതിയെയെങ്കിലും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച് ആര്‍.സി.ബിയെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു.
നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും തിരിച്ചടിച്ചത്. ടീം സ്‌കോര്‍ 26ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 145ലാണ്. വിരാട് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ടിം ഡേവിഡ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ദല്‍ഹിക്കായി ക്യാപ്റ്റന്‍ അക്സര്‍ പട്ടേലാണ് ബൗളിങ്ങില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാല് ഓവര്‍ എറിഞ്ഞ് താരം 19 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ നേടി. മൂന്ന് ഓവര്‍ പന്തെറിഞ്ഞ ദുഷ്മന്ത ചമീര ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കരുണ്‍ നായരുടെ ഡയറക്റ്റ് ത്രോയില്‍ ഒരു റണ്‍ ഔട്ടും ദല്‍ഹിക്ക് ലഭിച്ചു.
നിലവില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ്. ഏപ്രില്‍ 29ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം.
Content Highlight: IPL 2025: DC vs RCB: Delhi Capitals skipper Axar Patel talks about reason behind the defeat against Royal Challengers Bengaluru