| Saturday, 24th May 2025, 10:48 pm

സാക്ഷാല്‍ ഇന്ത്യ ഒന്നാമതായ ലിസ്റ്റിലേക്ക് പഞ്ചാബ് കിങ്‌സിന്റെ ഗ്രാന്‍ഡ് എന്‍ട്രി; അടിച്ചെടുത്തത് സ്വപ്‌ന നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ആദ്യ ക്വാളിഫയറും ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 207 റണ്‍സിന്റെ വിജയലക്ഷ്യവുമായി പഞ്ചാബ് കിങ്സ്.

ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, സൂപ്പര്‍ താരങ്ങളായ മാര്‍കസ് സ്‌റ്റോയ്‌നിസ്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ക്യാപ്പിറ്റല്‍സിനെതിരെയും 200+ റണ്‍സടിച്ചതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും പഞ്ചാബ് കിങ്‌സിന്റെ പേരില്‍ കുറിക്കപ്പെട്ടു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 200+ റണ്‍സ് സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് പഞ്ചാബ് കിങ്‌സ് റെക്കോഡിട്ടത്.

ഇന്ത്യ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ ആദ്യ അഞ്ചില്‍ മൂന്നും ഐ.പി.എല്‍ ടീമുകളാണ്. സോമര്‍സെറ്റാണ് ഇക്കൂട്ടത്തിലെ ‘നോണ്‍ ഇന്ത്യന്‍’ ടീം.

ടീ-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 200 റണ്‍സ് നേടിയ ടീം

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

ഇന്ത്യ – 41

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 37

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 36

സോമര്‍സെറ്റ് – 36

പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) – 32*

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം പാളിയിരുന്നു. സൂപ്പര്‍ താരം പ്രിയാന്‍ഷ് ആര്യ ആറ് റണ്‍സിന് പുറത്തായി. മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കിയായിരുന്നു താരം മടങ്ങിയത്.

വണ്‍ ഡൗണായെത്തിയ ജോഷ് ഇംഗ്ലീസ് ആദ്യ നിമിഷം മുതല്‍ക്കുതന്നെ വെടിക്കെട്ട് പുറത്തെടുത്തു. കേവലം 12 പന്ത് മാത്രമാണ് നേരിട്ടതെങ്കിലും 26.67 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 32 റണ്‍സ് താരം സ്വന്തമാക്കിയിരുന്നു. സ്പിന്നര്‍ വിപ്രജ് നിഗമിനെ സ്‌റ്റെപ്പ്ഔട്ട് ചെയ്ത് അടിച്ചൊതുക്കാനുള്ള ശ്രമം പാഴാവുകയും സ്റ്റബ്‌സ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

പ്രഭ്‌സിമ്രാന്‍ സിങ് 18 പന്തില്‍ 28 റണ്‍സിനും നേഹല്‍ വധേര 16 പന്തില്‍ 16 റണ്‍സും ശശാങ്ക് സിങ് പത്ത് പന്തില്‍ 11 റണ്‍സിനും പുറത്തായെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഉറച്ചുനിന്നു. 34 പന്തില്‍ 53 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

ഏഴാം നമ്പറിലെത്തിയ മാര്‍കസ് സ്റ്റോയ്‌നിസിന്റെ വെടിക്കെട്ടിനാണ് ജയ്പൂര്‍ സാക്ഷ്യം വഹിച്ചത്. ആകാശം തൊട്ട നാല് സിക്‌സറും മൂന്ന് ഫോറും അടക്കം 16 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് സ്റ്റോയ്‌നിസ് നേടിയത്. 275.00 എന്ന പ്രഹരശേഷിയിലായിരുന്നു താരത്തിന്റെ പ്രകടനം.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 206 റണ്‍സിലെത്തി.

ദല്‍ഹി ക്യാപ്പിറ്റല്‍സിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.

Content Highlight: IPL 2025: DC vs PBKS: Punjab Kings joins the elite list of most 200+ scores in T20

We use cookies to give you the best possible experience. Learn more