ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം മോഹിച്ചെത്തിയ പഞ്ചാബ് കിങ്‌സിന് എതിരെ ദല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചിരുന്നു. ഈ സീസണിലെ തങ്ങളുടെ അവസാന അങ്കത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. യുവതാരം സമീര്‍ റിസ്വിയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുണ്‍ നായരുടെ ഇന്നിങ്‌സിന്റെയും കരുത്തിലാണ് ക്യാപിറ്റല്‍സ് വിജയം രുചിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് കിങ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ വിജയ ലക്ഷ്യം ക്യാപിറ്റല്‍സ് മറികടക്കുകയായിരുന്നു.
ഈ വിജയത്തോടെ ഒരു അപൂര്‍വ വിജയവും ദല്‍ഹി ക്യാപിറ്റല്‍സിന് സ്വന്തമാക്കാനായി. പതിനെട്ട് സീസണുകളില്‍ നിന്ന് 200 + സ്‌കോര്‍ ചെയ്സ് ചെയ്ത് നേടുന്ന മൂന്നാമത്തെ വിജയമാണ് കഴിഞ്ഞ ദിവസം പഞ്ചാബ് ക്യാപിറ്റല്‍സ് നേടാനായത്. അതില്‍ രണ്ടും ഐ.പി.എല്‍ 2025 സീസണിലായിരുന്നു എന്നാണ് ശ്രദ്ധേയം.
ടൂര്‍ണമെന്റില്‍ 23 മത്സരങ്ങളില്‍ 200+ സ്‌കോര്‍ ദല്‍ഹി ക്യാപിറ്റല്‍സ് പിന്തുടര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 17 സീസണില്‍ ഒരിക്കല്‍ മാത്രമായിരുന്നു ടീം വിജയിച്ച് കയറിയിരുന്നത്. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ 209 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു അത്.
കൂടാതെ, ഐ.പി.എല്‍ ചരിത്രത്തില്‍ ചെയ്സ് ചെയ്ത് നേടുന്ന മികച്ച മൂന്നാമത്തെ വിജയവുമാണ് കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ ദല്‍ഹി നേടിയത്.
(ടോട്ടല് – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
210 – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – വിശാഖപട്ടണം – 205
209 – ഗുജറാത്ത് ലയണ്‍സ് – ദല്‍ഹി – 2017
207 – പഞ്ചാബ് കിങ്സ് – ജയ്പൂര്‍ – 2025
196 – ഗുജറാത്ത് ലയണ്‍സ് – കാണ്‍പൂര്‍ – 2017
196 – പഞ്ചാബ് കിങ്സ് – മുംബൈ – 2021
മത്സരത്തില്‍ ക്യാപിറ്റല്‍സിനായി സമീര്‍ റിസ്വി 25 പന്തില്‍ 58 റണ്‍സ് എടുത്ത് തിളങ്ങി. 232 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു. താരത്തിന് പുറമെ കരുണ്‍ 27 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 21 പന്തില്‍ 35 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.
Content Highlight: IPL 2025: DC vs PBKS: Delhi Capitals registered their third win while chasing 200+ scores in IPL