ഐ.പി.എല്‍ 2025 പ്ലേ ഓഫ് ലക്ഷ്യമിട്ടുള്ള മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം തുടരുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയമാണ് വേദി.
12 മത്സരത്തില്‍ നിന്നും ഏഴ് ജയത്തോടെ 14 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് പട്ടികയില്‍ നാലാമതാണ്. 12 മത്സരത്തില്‍ നിന്നും ആറ് ജയത്തോടെ 13 പോയിന്റുമായാണ് ദല്‍ഹി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇരു ടീമുകള്‍ക്കും മറ്റൊരു മത്സരം കൂടി ബാക്കിയുണ്ട്.
ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റെ അഭാവത്തില്‍ സൂപ്പര്‍ താരം ഫാഫ് ഡു പ്ലെസിയാണ് ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഫാഫ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മത്സരത്തില്‍ കരിയറിലെ സുപ്രധാന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഐ.പി.എല്ലില്‍ നൂറ് വിക്കറ്റുകള്‍ എന്ന റെക്കോഡിലേക്കാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിശ്വസ്തന്‍ നടന്നുകയറിയത്.
ഈ നേട്ടത്തിലെത്തുന്ന 28ാം താരവും 22ാം ഇന്ത്യന്‍ താരവുമാണ് കുല്‍ദീപ്.
മത്സരത്തിന്റെ ഏഴാം ഓവറിലെ നാലാം പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണെ മാധവ് തിവാരിയുടെ കൈകളിലെത്തിച്ചാണ് കുല്‍ദീപ് വിക്കറ്റ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
കാത്തിരുന്ന് കാത്തിരുന്നാണ് കുല്‍ദീപ് ഈ നട്ടം സ്വന്തമാക്കിയത്. ഒടുവില്‍ കളിച്ച നാല് മത്സരങ്ങളില്‍ ഒന്നില്‍പ്പോലും വിക്കറ്റ് നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ചരിത്ര നേട്ടത്തിന് ഒരു വിക്കറ്റ് മാത്രം മതിയെന്നിരിക്കവെയായിരുന്നു കുല്‍ദീപിന് നാല് മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ പോയത്.
ഏപ്രില്‍ 19നാണ് താരം തന്റെ 99ാം വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ തന്റെ നൂറാം വിക്കറ്റിനായി ഒരു മാസത്തിലധികമാണ് ദല്‍ഹി സൂപ്പര്‍ സ്പിന്നറിന് കാത്തിരിക്കേണ്ടി വന്നത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ എല്‍.ബി.ഡബ്ല്യൂവില്‍ വിക്കറ്റ് നേടാന്‍ കുല്‍ദീപിന് സാധിക്കുമെന്നിരിക്കെ അമ്പയേഴ്‌സ് കോളിന്റെ ബലത്തില്‍ ആ തീരുമാനം ടൈറ്റന്‍സിന് അനുകൂലമായി മാറുകയായിരുന്നു.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നാലാം വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. 27 പന്തില്‍ 27 റണ്‍സ് നേടിയ തിലക് വര്‍മയാണ് ഒടുവില്‍ പുറത്തായത്. മുകേഷ് കുമാര്‍ എറിഞ്ഞ 15ാം ഓവറിലെ അഞ്ചാം പന്തില്‍ സമീര്‍ റിസ്വിക്ക് ക്യാച്ച് നല്‍കിക്കൊണ്ടായിരുന്നു താരത്തിന്റെ മടക്കം.
രോഹിത് ശര്‍മ (അഞ്ച് പന്തില്‍ അഞ്ച്), വില്‍ ജാക്സ് (13 പന്തില്‍ 21), റിയാന്‍ റിക്കല്‍ടണ്‍ (18 പന്തില്‍ 25) എന്നിവരാണ് ഇതിനോടകം പുറത്തായ മറ്റ് താരങ്ങള്‍.
നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 114/4 എന്ന നിലയിലാണ് മുംബൈ. 26 പന്തില്‍ 33 റണ്‍സുമായി സൂര്യകുമാര്‍ യാദവും ഒരു പന്തില്‍ ഒരു റണ്ണുമായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്വി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മാധവ് തിവാരി, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ദുഷ്മന്ത ചമീര, മുകേഷ് കുമാര്‍.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
Content Highlight: IPL 2025: DC vs MI: Kuldeep Yadav completed 100 IPL wickets