| Thursday, 22nd May 2025, 7:29 am

ഫീല്‍ഡിങ്ങില്‍ ഞങ്ങള്‍ മികച്ചവരായിരുന്നു, പക്ഷേ... തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് ഡു പ്ലെസിസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ 2025ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കി. മുംബൈ വാഖംഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ നേടിയത്.

സൂര്യകുമാര്‍ യാദവിന്റെ കരുത്തില്‍ മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് 121 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ മുംബൈ പ്ലേ ഓഫിലേക്ക് കടക്കുകയും ക്യാപിറ്റല്‍സ് പുറത്താവുകയും ചെയ്തു.

മത്സരശേഷം ദല്‍ഹിയുടെ തോല്‍വിയെ കുറിച്ച് ക്യാപ്റ്റന്‍ ഫാഫ് ടു പ്ലെസിസ് സംസാരിച്ചിരുന്നു. മുംബൈ അവസാന രണ്ട് ഓവറുകളില്‍ 50 റണ്‍സ് നേടിയത് തങ്ങളുടെ മൊമെന്റം നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

‘ക്രിക്കറ്റില്‍ മൊമെന്റം വളരെ പ്രധാനമാണ്. അവസാന രണ്ട് ഓവറുകളില്‍ മുംബൈ 50 റണ്‍സ് നേടിയത് വലിയ തിരിച്ചടിയായി. അത് ആദ്യ 17-18 ഓവറുകളില്‍ ഞങ്ങള്‍ നേടിയ മേല്‍കൈയും മൊമെന്റം നഷ്ടപ്പെടുത്തി.

ഫീല്‍ഡിങ്ങില്‍ ഞങ്ങള്‍ വളരെ മികച്ചവരാണെന്ന് ഞാന്‍ കരുതി. ടീം മികച്ച പോരാട്ടം കാഴ്ച വെച്ചു. ബാറ്റ് ചെയ്യാന്‍ എളുപ്പമുള്ള പിച്ചായിരുന്നില്ല അത്. പക്ഷേ അവസാന രണ്ട് ഓവറുകളില്‍ കാര്യങ്ങള്‍ കൈവിട്ടു.

നിങ്ങള്‍ രണ്ട് ടീമുകളെയും താരതമ്യം ചെയ്താല്‍, ഡേവിഡ് vs ഗോലിയാത്ത് പോലെയായിരുന്നു അത്. എനിക്ക് അത്തരമൊരു വെല്ലുവിളി ഇഷ്ടമാണ്, കാരണം അത് നിങ്ങളെ ഒരു ടീമായി ഒത്തുചേരാന്‍ സഹായിക്കുന്നു,’ ഡു പ്ലെസിസ് പറഞ്ഞു.

പ്ലേ ഓഫില്‍ നിന്ന് പുറത്തായതിനെ കുറിച്ചും ഡു പ്ലെസിസ് സംസാരിച്ചു. അവസാന ഏഴോ എട്ടോ മത്സരങ്ങളില്‍ തങ്ങള്‍ക്ക് ബാറ്റിങ്ങിലോ ബൗളിങ്ങിലോ സ്ഥിരതയില്ലായിരുന്നുവെന്ന് ഡിസി നായകന്‍ കൂട്ടിച്ചേര്‍ത്തു.

‘അവസാന ഏഴോ എട്ടോ മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് ബാറ്റിങ്ങിലോ ബൗളിങ്ങിലോ സ്ഥിരതയില്ലായിരുന്നു.
നിങ്ങള്‍ ഒരിക്കലും മൊമെന്റം നിസാരമായി കാണരുതെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍, അത് തിരികെ നേടാന്‍ ഞങ്ങള്‍ക്ക് ശരിക്കും പോരാടേണ്ടിവന്നു. അതിനാല്‍ മികച്ച നിലയിലായിരിക്കുമ്പോള്‍ അത് പെട്ടെന്ന് നഷ്ടപ്പെടുത്താതിരിക്കേണ്ടത് പ്രധാനമാണ്,’ ഡു പ്ലെസിസ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ദല്‍ഹിക്കായി സമീര്‍ റിസ്വിയാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്. റിസ്വി 35 പന്തില്‍ ഒരു സിക്സും ആറ് ഫോറും അടക്കം 39 റണ്‍സ് നേടി. വിപ്രജ് നിഗം (11 പന്തില്‍ 20), അശുതോഷ് ശര്‍മ (16 പന്തില്‍ 18), കെ.എല്‍ രാഹുല്‍ (ആറ് പന്തില്‍ 11) എന്നിവരാണ് ടീമിനായി രണ്ടക്കം കണ്ടെത്തിയ മറ്റ് ബാറ്റര്‍മാര്‍.

മുംബൈ ഇന്ത്യന്‍സിനായി മിച്ചല്‍ സാന്റ്നറും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍, കരണ്‍ ശര്‍മ, വില്‍ ജാക്സ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 43 പന്തില്‍ നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 73 റണ്‍സാണ് താരം നേടിയത്. കൂടാതെ ഡെത്ത് ഓവറില്‍ യുവതാരം നമന്‍ ധിര്‍ ഫിനിഷിങ് ടച്ചും നല്‍കി. 8 പന്തില്‍ 24 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു നമന്റെ ഇന്നിങ്സ്.

ക്യാപ്പിറ്റല്‍സിനായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: IPL 2025: DC vs MI: Faf Du Plessis talks the defeat against Mumbai Indians and dismissal of  Delhi Capitals from tournament

We use cookies to give you the best possible experience. Learn more