| Wednesday, 30th April 2025, 8:40 am

വിപ്രജും അശുതോഷും ക്രീസിലുണ്ടായിരുന്നെങ്കില്‍ ആദ്യ മത്സരം ആവര്‍ത്തിക്കാമായിരുന്നു; തോല്‍വിയില്‍ പ്രതികരിച്ച് അക്സര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ദല്‍ഹി തോല്‍വി വഴങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ഒമ്പത് വിക്കറ്റ്‌ നഷ്ടത്തില്‍ 204 റണ്‍സാണ് ഉയര്‍ത്തിയത്. പക്ഷേ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹിക്ക് 190 മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപിറ്റല്‍സ് നിരയില്‍ ഫാഫ് ഡു പ്ലെസിസും ക്യാപ്റ്റന്‍ അക്സര്‍ പട്ടേലും മാത്രമാണ് തിളങ്ങിയത്.

മത്സരത്തിന് ശേഷം ദല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്സര്‍ പട്ടേല്‍ ടീമിന്റെ പരാജയത്തിനെ കുറിച്ച് സംസാരിച്ചിരുന്നു. പവര്‍പ്ലേയില്‍ തങ്ങള്‍ 15-20 റണ്‍സ് അധികമായി വിട്ടുകൊടുത്തുവെന്നും പവര്‍പ്ലേയ്ക്ക് ശേഷം എങ്ങനെ കളി നിയന്ത്രിച്ചു എന്നതാണ് കളിയിലെ പോസിറ്റീവ് കാര്യമെന്നും അക്സര്‍ പറഞ്ഞു. വിപ്രജ് ബാറ്റ് ചെയ്യുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അശുതോഷ് ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ആദ്യ മത്സരത്തിലേത് പോലെ ആവര്‍ത്തിക്കാമായിരുന്നുവെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു.

‘പിച്ച് മികച്ചതായിരുന്നു. പക്ഷേ, പവര്‍പ്ലേയില്‍ ഞങ്ങള്‍ 15-20 റണ്‍സ് അധികമായി വിട്ടുകൊടുത്തു. വളരെ എളുപ്പത്തില്‍ കുറച്ച് വിക്കറ്റുകള്‍ ഞങ്ങള്‍ക്ക് നഷ്ടമായി. പവര്‍പ്ലേയ്ക്ക് ശേഷം ഞങ്ങള്‍ കളി എങ്ങനെ നിയന്ത്രിച്ചു എന്നതാണ് കളിയിലെ പോസിറ്റീവ് കാര്യം.

ബാറ്റിങ്ങില്‍ ഞങ്ങള്‍ പരാജയപ്പെട്ടെങ്കിലും രണ്ട് മൂന്ന് പേര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. അവര്‍ ഞങ്ങളെ വിജയത്തിന് അടുത്തെത്തിച്ചു. വിപ്രജ് ബാറ്റ് ചെയ്യുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു, അശുതോഷ് ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ആദ്യ മത്സരത്തിലേത് പോലെ ആവര്‍ത്തിക്കാമായിരുന്നു,’ അക്സര്‍ പറഞ്ഞു.

മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ അക്സര്‍ തന്റെ പരിക്കിനെ കുറിച്ചും സംസാരിച്ചു. പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കൈയിലെ തൊലി ഉരിഞ്ഞുപോയെന്നും അടുത്ത മത്സരത്തിന് കുറച്ച് ദിവസത്തെ ഇടവേളയുള്ളതിനാല്‍ സുഖം പ്രാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.

‘പന്ത് തടയാന്‍ പരിശീലന വിക്കറ്റുകളില്‍ ഡൈവ് ചെയ്തപ്പോള്‍ എന്റെ കൈയിലെ തൊലി ഉരിഞ്ഞുപോയി. പക്ഷേ അടുത്ത മത്സരത്തിന് 3-4 ദിവസത്തെ ഇടവേളയുണ്ട്. എനിക്ക് സുഖം പ്രാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ അക്സര്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിക്ക് വേണ്ടി ഓപ്പണര്‍ ഫാസ് ഡു പ്ലെസിസ് 45 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സ് അടിച്ചപ്പോള്‍  അക്സര്‍ പട്ടേല്‍ 23 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറും ഉള്‍പ്പെടെ 43 റണ്‍സും നേടി. മധ്യനിരയില്‍ വിപ്രജ് നിഗം 19 പന്തില്‍ നിന്ന് 38 റണ്‍സ് നേടി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

കൊല്‍ക്കത്തയ്ക്കുവേണ്ടി സുനില്‍ നരെയ്ന്‍ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ അനുകുല്‍ റോയ്, വൈഭവ് അറോറ, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

കൊല്‍ക്കത്തക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അംകൃഷ് രഘുവന്‍ശിയാണ്. 32 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം നേടിയത്. കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരെയ്നും റഹ്‌മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് നല്‍കിയത്. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ 12 പന്തില്‍ 26 റണ്‍സ് നേടിയ ഗുര്‍ബാസ് പുറത്തായി.

മധ്യനിരയില്‍ റിങ്കു സിങ് 25 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 14 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 26 റണ്‍സ് നേടി. ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 16 പന്തില്‍ 27 റണ്‍സും നേടിയാണ് പുറത്തായത്. വെടിക്കെട്ട് ബാറ്റിങ്ങിന് പേര് കേട്ടിരുന്ന വെങ്കിടേഷ് അയ്യര്‍ വീണ്ടും നിരാശപ്പെടുത്തി. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട കൊല്‍ക്കത്ത ബാറ്റര്‍ വെറും ഏഴ് റണ്‍സ് മാത്രമാണ് എടുത്തത്.

ദല്‍ഹിക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 43 റണ്‍സ് വഴങ്ങി മൂന്ന്‌ വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും നേടി. യുവതാരം വിപ്രജ് നിഗം 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ ആണ് നേടിയത്.

Content Highlight: IPL 2025: DC vs KKR: Delhi Capitals captain Axar Patel talks about the defeat against Kolkata Knight Riders

We use cookies to give you the best possible experience. Learn more