| Monday, 19th May 2025, 8:55 am

ഈ നേട്ടത്തിലെ ഒന്നാമനും മൂന്നാമനും രാഹുല്‍ തന്നെ; വെട്ടിയതാകട്ടെ കിങ്ങിനെയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പരാജയപ്പെട്ടിരുന്നു. ക്യാപിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് നേടിയത്.

ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു. വിജയിക്കാന്‍ ഏഴ് പന്തില്‍ ഒറ്റ റണ്‍സ് മാത്രം മതിയെന്നിരിക്കെ സായ് സുദര്‍ശന്‍ സിക്സറടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ സെഞ്ച്വറി നേടിയ കെ.എല്‍. രാഹുലിന്റെ കരുത്തിലാണ് ക്യാപിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

രാഹുല്‍ മത്സരത്തില്‍ 65 പന്തില്‍ 112 റണ്‍സാണ് അടിച്ചെടുത്തത്. നാല് സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ബാറ്ററുടെ ഇന്നിങ്സ്. 172.31 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഐ.പി.എല്‍ കരിയറിലെ അഞ്ചാം സെഞ്ച്വറി നേടാന്‍ രാഹുലിന് സാധിച്ചു.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മറ്റൊരു നേട്ടവും രാഹുലിന് സ്വന്തമാക്കാന്‍ സാധിച്ചു. സെഞ്ച്വറിയോടെ ടി – 20യില്‍ 8000 റണ്‍സ് എന്ന നാഴികക്കല്ലില്‍ എത്താനാണ് താരത്തിനായത്.

രാഹുല്‍ 224 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം പിന്നിട്ടത്. ഇതോടെ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാര്‍ ബാറ്റെറിവന്നാണ് താരത്തിനായി.

ടി- 20യില്‍ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സ്

കെ,എല്‍ രാഹുല്‍ – 224

വിരാട് കോഹ്ലി – 243

ശിഖര്‍ ധവാന്‍ – 277

സുരേഷ് റെയ്‌ന – 284

സൂര്യകുമാര്‍ യാദവ് – 288

രോഹിത് ശര്‍മ – 294

കൂടാതെ, ടി – 20യില്‍ ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ലില്‍ എത്തുന്ന ലോകത്തിലെ മൂന്നാമത്തെ താരമാകാനും രാഹുലിന് സാധിച്ചു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലാണ് ഈ പട്ടികയില്‍ ഒന്നാമത്.

ടി-20യില്‍ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികച്ച താരങ്ങള്‍, ഇന്നിങ്സ്

ക്രിസ് ഗെയ്ല്‍ – 213 ഇന്നിങ്‌സ്

ബാബര്‍ അസം – 218 ഇന്നിങ്‌സ്

കെ എല്‍ രാഹുല്‍* – 224 ഇന്നിങ്സ്

വിരാട് കോഹ്ലി – 243 ഇന്നിങ്‌സ്

മുഹമ്മദ് റിസ്വാന്‍ – 244 ഇന്നിങ്സ്

മത്സരത്തില്‍ ദല്‍ഹിക്കായി രാഹുല്‍ മാത്രമാണ് വലിയ സ്‌കോര്‍ കണ്ടെത്തിയത്. അഭിഷേക് പോറല്‍ (19 പന്തില്‍ 30), അക്സര്‍ പട്ടേല്‍ (16 പന്തില്‍ 25), ട്രിസ്റ്റാന്‍ സ്റ്റബ്‌സ് (10 പന്തില്‍ 21) എന്നിവരും ടീമിന്റെ സ്‌കോറില്‍ മുതല്‍ക്കൂട്ടായി.

ഗുജറാത്തിനായി അര്‍ഷദ് ഖാന്‍, പ്രസീദ്ധ് കൃഷണ, രവിശ്രീനിവാസന്‍ സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഗുജറാത്തിനായി സായ് സുദര്‍ശന്‍ 61 പന്തില്‍ നാല് സിക്സും 12 ഫോറും അടക്കം 108 റണ്‍സ് നേടി ക്യാപ്റ്റന്‍ ഗില്‍ സെഞ്ച്വറിയോളം പോന്ന ഒരു ഇന്നിങ്സാണ് മത്സരത്തില്‍ കാഴ്ച വെച്ചത്. 53 പന്തില്‍ 93 റണ്‍സാണ് താരം നേടിയത്

Content Highlight: IPL 2025: DC vs GT: K.L Rahul became the fastest Indian to complete 8000 runs in T20 cricket

We use cookies to give you the best possible experience. Learn more