| Tuesday, 20th May 2025, 2:07 pm

അവന്‍ അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുത്തത്; യുവ താരത്തിന് പ്രശംസയുമായി ഡാനിയല്‍ വെറ്റോറി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ലഖ്‌നൗവിന്റെ തട്ടകമായ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ 206 റണ്‍സ് എടുത്ത് ഉദയസൂര്യന്‍മാര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹൈദരാബാദ് സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്. ഹെന്റിക് ക്ലാസന്റെയും ഇഷാന്‍ കിഷന്റെയും കാമിന്ദു മെന്‍ഡിസിന്റെയും ഇന്നിങ്‌സുകളും വിജയത്തില്‍ നിര്‍ണായകമായിരുന്നു.

മത്സര ശേഷം ഹൈദരാബാദിന്റെ മുഖ്യ പരിശീലകനായ ഡാനിയല്‍ വെറ്റോറി തങ്ങളുടെ വിജയത്തെക്കുറിച്ചും അഭിഷേക് ശര്‍മയുടെ ബാറ്റിങ്ങിനെക്കുറിച്ചും പ്രശംസിച്ച് സംസാരിച്ചിരുന്നു. ടീമിന്റെ മികച്ച ബാറ്റിങ് പ്രകടനമായിരുന്നു മത്സരത്തില്‍ പുറത്തെടുത്തതെന്നും അഭിഷേക് അവിശ്വസനീയമായി കളിച്ചെന്നും ഡാനിയല്‍ പറഞ്ഞു. മാത്രമല്ല സ്പിന്നിനെ മനസിലാക്കി മികച്ച പ്രകടനമാണ് അഭിഷേക് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് ഞങ്ങളുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരുന്നു. ഈ വലിയ ഗ്രൗണ്ടിവല്‍ എന്താണ് വേണ്ടതെന്ന് അഭിഷേക് മനസിലാക്കി. അവന് അത് കൃത്യമായി എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞു. തുടര്‍ന്ന് വന്ന എല്ലാവരും സാഹചര്യങ്ങള്‍ കൃത്യമായി മനസിലാക്കി, ഞങ്ങളെ വിജയത്തിലെത്തിച്ചു. അത് വളരെ തൃപ്തികരമാണ്. ഇതൊരു മികച്ച ഇന്നിങ്‌സായിരുന്നു.

അഭിഷേക് അവിശ്വസനീയമായ പ്രകടനം പുറത്തെടുത്തു. ഏതൊരു ടീമിനും ഏറ്റവും വലിയ വെല്ലുവിളി തന്റെ ഇന്നിങ്സിന്റെ തുടക്ക ഘട്ടങ്ങള്‍ മറികടന്ന് സ്പിന്‍ നേരിടുക എന്നതാണ്. ഇന്ന് രാത്രിയില്‍ (ലഖ്‌നൗവിനെതിരെയുള്ള മത്സരത്തില്‍) സ്പിന്നര്‍മാര്‍ക്കെതിരെ അവന്‍ അസാധാരണ പ്രകടനം കാഴ്ചവെച്ചു, അവന്റെ സ്‌ട്രൈക്ക് റേറ്റ് വളരെ വലുതാണ്. ഇത്തരം അവസരം ലഭിക്കുമ്പോഴെല്ലാം അവന്‍ മത്സരം ഏറ്റെടുക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് നമുക്കറിയാം,’ വെറ്റോറി പറഞ്ഞു.

മത്സരത്തില്‍ അഭിഷേക് ശര്‍മ 20 പന്തില്‍ 59 റണ്‍സെടുത്തപ്പോള്‍ ഹെന്റിക് ക്ലാസന്‍ 28 പന്തില്‍ 47 റണ്‍സും നേടി. ഇഷാന്‍ കിഷന്‍ (20 പന്തില്‍ 35), കാമിന്ദു മെന്‍ഡിസ് (21 പന്തില്‍ 32) എന്നിവരും തിളങ്ങി. സൂപ്പര്‍ ജയന്റ്‌സിനായി ദിഗ്വേഷ് രാഥി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂര്‍, വില്‍ ഒ റൂര്‍ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: IPL 2025: Daniel Vettori praised Abhishek Sharma For His Great Performance

We use cookies to give you the best possible experience. Learn more