| Friday, 21st March 2025, 11:38 am

ചെന്നൈ പ്ലേ ഓഫിലെത്തില്ല, ഇവര്‍ ഐ.പി.എല്ലില്‍ ആദ്യ നാല് സ്ഥാനത്തെത്തും; ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ഡി വില്ലിയേഴ്സ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കിരീടം നിലനിര്‍ത്താനെത്തുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ആദ്യ കിരീടം ലക്ഷ്യമിട്ടെത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മത്സരത്തോടെയാണ് പതിനെട്ടാം സീസണിന് തിരശീലയുയരുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് മാര്‍ച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ വേദി.

ഇപ്പോള്‍ ഐ.പി.എല്ലില്‍ പ്ലേ ഓഫില്‍ എത്തുന്ന നാല് ടീമിനെ പ്രവചിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി. ഡി വില്ലിയേഴ്സ്. ചെന്നൈ സൂപ്പര്‍ കിങ്സ് ഐ.പി.എല്‍ പ്ലേ ഓഫില്‍ എത്തില്ലെന്നും മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുകയെന്നുമാണ് ഡി വില്ലിയേഴ്സ് പറഞ്ഞത്.

‘മുംബൈ ഇന്ത്യന്‍സ് പ്ലേയോഫിലെത്തും. ആര്‍.സി.ബിയ്ക്ക് ബാലന്‍സുള്ള ടീമുള്ളതുകൊണ്ട് അവര്‍ ഈ പ്രാവശ്യവും പ്ലേ ഓഫിലുണ്ടാവും. അതുപോലെ ഗുജറാത്ത് ടൈറ്റന്‍സുമുണ്ടാവും. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയും മികച്ച ടീമുകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇതാണ് ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള എന്റെ തെരഞ്ഞെടുപ്പ്,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

ചെന്നൈ ആരാധകര്‍ തന്റെ തെരഞ്ഞെടുപ്പില്‍ നിരാശരായേക്കാമെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. സി.എസ്.കെയ്ക്ക് മികച്ച ടീമുണ്ടെന്നും എന്നാലും താന്‍ തന്റെ തെരഞ്ഞെടുപ്പില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘അതെ, ഞാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സെലക്ട് ചെയ്തിട്ടില്ല. അവര്‍ക്ക് ഈ സീസണില്‍ മികച്ച ടീമുണ്ട്. സി.എസ്.കെ ആരാധകര്‍ എന്റെ സെലക്ഷനില്‍ നിരാശകരായേക്കാം. എന്നാലും, ഞാന്‍ ഈ നാല് ടീമുകളെയാണ് തെരഞ്ഞെടുക്കുക,’ ഡി വില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ പ്ലേ ഓഫ് മോഹങ്ങള്‍ തകര്‍ത്താണ് ബെംഗളൂരു നോക്ക് ഔട്ടിന് യോഗ്യത നേടിയത്. എന്നാല്‍, ആര്‍.സി.ബിയ്ക്ക് ഫൈനലിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ബെംഗളുരുവിന് ഇത് വരെ ഒരു കിരീടം നേടാന്‍ സാധിച്ചിട്ടില്ല.

ചെന്നൈയും മുംബൈയും ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. കൊല്‍ക്കത്തയ്ക്ക് മൂന്നും ഗുജറാത്ത് ടൈറ്റന്‍സിന് ഒരു കിരീടവും സ്വന്തം പേരിലുണ്ട്.

അതേസമയം, മാര്‍ച്ച് 23ന് ചെന്നൈ എം. ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 25ന് പഞ്ചാബ് കിങ്സുമായാണ്.

Content Highlight: IPL 2025: CSK Will Not Qualify For IPL Playoffs In IPL 2025, AB De Villiers Makes Surprise Prediction

We use cookies to give you the best possible experience. Learn more