| Wednesday, 21st May 2025, 9:09 am

ഇടിമിന്നലായി ജെയ്‌സ്വാള്‍; അവസാന താണ്ഡവത്തില്‍ പിറന്നത് വെടിക്കെട്ട് റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ കഴിഞ്ഞ ദിവസം (ചൊവ്വ) നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചത്. ഇതോടെ സീസണില്‍ ഒമ്പതാം സ്ഥാനക്കാരായാണ് സഞ്ജുവും സംഘവും കളം വിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വെടിക്കെട്ട് തുടക്കമാണ് യശസ്വി ജെയ്‌സ്വാള്‍ നല്‍കിയത്.

ഇന്നിങ്‌സില്‍ ആദ്യ പന്ത് ബൗണ്ടറിയടിച്ചാണ് താരം തുടങ്ങിയത്. സീസണില്‍ ഇത് അഞ്ചാം തവണയാണ് ജെയ്‌സ്വാള്‍ ബൗണ്ടറിയിലൂടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ഇതോടെ ഐ.പി.എല്‍ ചരിത്രത്തിലെ ഒരു ഐതിഹാസിക നേട്ടവും ജെയ്‌സ്വാള്‍ നേടിയിരിക്കുകയാണ്. ഒരു ഐ.പി.എല്‍ സീസണില്‍ അഞ്ച് ഇന്നിങ്‌സില്‍ ബൗണ്ടറി നേടി തുടങ്ങുന്ന താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്.

2025 സീസണിന്റെ തുടക്കത്തില്‍ ബെംഗളൂരുവിനെതിരെ സിക്‌സറോടെയാണ് 23കാരന്‍ ഇന്നിങ്സ് ആരംഭിച്ചത്. തുടര്‍ന്ന് പഞ്ചാബ്, കൊല്‍ക്കത്ത എന്നിവര്‍ക്കെതിരെ ആദ്യ പന്തില്‍ തന്നെ ഒരു ഫോറും നേടി. ചെപ്പോക്കില്‍ ചെന്നൈക്കെതിരായ മുന്‍ മത്സരത്തിലും ജെയ്‌സ്വാള്‍ ഒരു ഫോറും നേടി ഇന്നിങ്സ് ആരംഭിച്ചിരുന്നു. 2023ലും ജെയ്‌സ്വാള്‍ അഞ്ച് ബൗണ്ടറി നേടിയാണ് തുടങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ആദ്യ പന്തില്‍ മാത്രമല്ലായിരുന്ന ജെയ്‌സ്വാള്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളുമായി ജെയ്സ്വാള്‍ കളം നിറഞ്ഞാടി. 19 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 36 റണ്‍സാണ് താരം നേടിയത്. 189.47 എന്ന പ്രഹകശേഷിയിലായിരുന്നു താരത്തിന്റെ ബാറ്റിങ്. മത്സരത്തിലെ മൂന്നാം ഓവറിലെ നാലാം പന്തില്‍ അന്‍ഷുല്‍ കാംബോജിന്റെ പന്തില്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

മാത്രമല്ല സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്ന് 43 എന്ന ശരാശരിയിലും 159.71 എന്ന സ്‌ട്രൈക്ക് റേറ്റിലും 559 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ കളം വിട്ടത്. സീസണില്‍ ആറ് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ജെയ്‌സ്വാള്‍ തന്നെയാണ് സീസണില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ 31 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്. വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 33 പന്തില്‍ നാല് വീതം സിക്‌സും ഫോറും അടക്കം 57 റണ്‍സാണ് വൈഭവ് ചെന്നൈക്കെതിരെ നേടിയത്. യശസ്വി ജെയ്സ്വാള്‍ (19 പന്തില്‍ 36), ധ്രുവ് ജുറെല്‍ (12 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി.

ചെന്നൈ സൂപ്പര്‍ കിങ്സിനായി ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. അന്‍ഷുല്‍ കംബോജും നൂര്‍ അഹമ്മദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: IPL 2025: CSK VS RR: Yashasvi Jaiswal In Great Record Achievement In IPL 2025

We use cookies to give you the best possible experience. Learn more