2025 ഐ.പി.എല്‍ സീസണിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം (ചൊവ്വ) അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഇതോടെ സീസണില്‍ ഒമ്പതാം സ്ഥാനക്കാരായാണ് സഞ്ജുവും സംഘവും കളം വിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് നടത്തിയത്. വണ്‍ ഡൗണായി ഇറങ്ങി 31 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്.
ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ രാജസ്ഥാന് വേണ്ടി അമ്പരപ്പിക്കുന്ന ഒരു റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. രാജസ്ഥാന് വേണ്ടി ആദ്യമായി ഐ.പി.എല്ലില്‍ 4000റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ഐതിഹാസിക നേട്ടമാണ് സഞ്ജു തൂക്കിയത്.
നിലവില്‍ രാജസ്ഥാന് വേണ്ടി 144 ഇന്നിങ്‌സില്‍ നിന്ന് 4027 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. പിങ്ക് ആര്‍മിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടവും സഞ്ജു നേരത്തെ സ്വന്തമാക്കിയിരുന്നു. അതില്‍ 23 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 31.70 എന്ന ആവറേജിലും 141.25 എന്ന പ്രഹരശേഷിയിലുമാണ് സഞ്ജുവിന്റെ ബാറ്റിങ്.
സഞ്ജു സാംസണ്‍ – 144 – 4027
ജോസ് ബട്‌ലര്‍ – 82 – 3055
അജിന്‍ക്യ രഹാനെ – 93 – 2810
ഷെയ്ന്‍ വാട്‌സണ്‍ – 76 – 2372
ഈ നേട്ടത്തിന് പുറമെ ടി- 20യില്‍ 350 സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഈ തകര്‍പ്പന്‍ നേട്ടം ആദ്യം സ്വന്തമാക്കാന്‍ ചെന്നൈ നായകന്‍ എം.എസ്. ധോണിക്ക് സാധിച്ചെങ്കിലും അതിവേഗം ഈ റെക്കോഡ് നേടാന്‍ സഞ്ജുവിന് സാധിച്ചു.
സഞ്ജുവിന് പുറമെ രാജസ്ഥനായി വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 33 പന്തില്‍ നാല് വീതം സിക്‌സും ഫോറും അടക്കം 57 റണ്‍സാണ് വൈഭവ് ചെന്നൈക്കെതിരെ നേടിയത്. യശസ്വി ജെയ്സ്വാള്‍ (19 പന്തില്‍ 36), ധ്രുവ് ജുറെല്‍ (12 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി.
ചെന്നൈ സൂപ്പര്‍ കിങ്സിനായി ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. അന്‍ഷുല്‍ കംബോജും നൂര്‍ അഹമ്മദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സിനായി ആയുഷ് മാഹ്ത്രെ 20 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ് 25 പന്തില്‍ 42 റണ്‍സും അടിച്ചെടുത്തു. 32 പന്തില്‍ 39 റണ്‍സ് നേടിയ ശിവം ദുബൈയാണ് മികച്ച പ്രകടനം നടത്തിയ മറ്റൊരു താരം.
രാജസ്ഥനായി ആകാശ് മധ്‌വാളും യുദ്ധ്‌വീര്‍ സിങ്ങും മൂന്ന് വിക്കറ്റ് വീഴ്ത്തി. വാനിന്ദു ഹസരങ്കയും തുഷാര്‍ ദേശ്പാണ്ഡെയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ എടുത്തത്.
Content highlight: IPL 2025: CSK VS RR: Sanju Samson Created History In IPL For Rajasthan Royals