ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ് ഏറ്റുമുട്ടുന്നത്. ഈ സീസണില്‍ ആദ്യം പുറത്താകുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള അഭിമാന വിജയത്തിന്റെ പോരാട്ടം നടക്കുന്നത് ചെന്നൈയുടെ തട്ടകമായ എം. ചിദംബരം സ്‌റ്റേഡിയത്തിലാണ്.
എല്ലാറ്റിനും ഉപരി ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണിയും രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും തമ്മിലുള്ള കനത്ത പോരാട്ടമാണ് ആരാധകരും കാത്തിരിക്കുന്നത്. അതിന് കാരണം ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ടി-20യില്‍ 350 സിക്സറുകള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനുള്ള അവസരമാണ് ഇരുവര്‍ക്കുമുള്ളത്.
ഇതിനായി ധോണിക്ക് വെറും ഒരു സിക്‌സറും സഞ്ജുവിന് രണ്ട് സിക്‌സറുമാണ് ആവശ്യം. ഈ നേട്ടത്തില്‍ ആരാവും ആദ്യം മുത്തമിടുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകരും. മാത്രമല്ല ഈ നേട്ടത്തില്‍ ചെന്നൈ നായകന്‍ ‘തല’ ധോണിയെ മറികടക്കാനുള്ള സുവര്‍ണാവസരവും സഞ്ജുവിനുണ്ട്.
എം.എസ്. ധോണി – 354 – 349
സഞ്ജു സാംസണ്‍ – 290 – 348
കെ.എല്‍. രാഹുല്‍ – 224 – 331
സീസണില്‍ സഞ്ജു എട്ട് മത്സരങ്ങളില്‍ നിന്ന് 244 റണ്‍സാണ് നേടിയത്. 66 എന്ന ഉയര്‍ന്ന സ്‌കോറും 34.86 എന്ന ആവറേജുമാണ് താരത്തിനുള്ളത്. ധോണി 12 മത്സരത്തില്‍ നിന്ന് 30* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ അടക്കം 180 റണ്‍സാണ് സീസണില്‍ നിന്ന് നേടിയത്.
അതേസമയം കളിച്ച 13 മത്സരത്തില്‍ 10ലും പരാജയപ്പെട്ട് ആറ് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. അനായാസം വിജയിക്കാന്‍ സാധിക്കുന്ന അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെട്ടതും ടീം സെലക്ഷനിലെ പോരായ്മകളും രാജസ്ഥാന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒമ്പത് തോല്‍വിയുമായി 10ാം സ്ഥാനത്തുള്ള ചെന്നൈക്ക് ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഒമ്പതാം സ്ഥാനത്തേക്ക് എത്താം.
Content Highlight: IPL 2025: CSK vs RR: Sanju Samson and MS Dhoni have a chance to make a great record in IPL 2025