| Tuesday, 20th May 2025, 12:59 pm

തോറ്റാല്‍ സഞ്ജുവിന് ഇനി തലയുയര്‍ത്താന്‍ പറ്റില്ല; അടിവാരം ടീംസിന് നിര്‍ണായകം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സുമാണ് ഏറ്റുമുട്ടുന്നത്. ഈ സീസണില്‍ ആദ്യം പുറത്താകുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള അഭിമാന വിജയത്തിന്റെ പോരാട്ടം നടക്കുന്നത് ചെന്നൈയുടെ തട്ടകമായ എം. ചിദംബരം സ്റ്റേഡിയത്തിലാണ്.

കളിച്ച 13 മത്സരത്തില്‍ 10ലും പരാജയപ്പെട്ട് ആറ് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. അനായാസം വിജയിക്കാന്‍ സാധിക്കുന്ന അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെട്ടതും ടീം സെലക്ഷനിലെ പോരായ്മകളും രാജസ്ഥാന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒമ്പത് തോല്‍വിയുമായി 10ാം സ്ഥാനത്തുള്ള ചെന്നൈക്ക് ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഒമ്പതാം സ്ഥാനത്തേക്ക് എത്താം. എന്നാല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ പരാജയപ്പെട്ടാല്‍ ഒരു മോശം റെക്കോഡുമായിട്ടാണ് സീസണ്‍ അവസാനിപ്പിക്കേണ്ടി വരിക.

10 ഐ.പി.എല്‍ ടീമുകളുള്ള സീസണില്‍ ആദ്യമായി 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ടീമിന് സാധിക്കുക. 2020ല്‍ എട്ട് ഐ.പി.എല്‍ ടീമുകളുള്ള സീസണില്‍ ആദ്യമായി രാജസ്ഥാന്‍ അവസാനം ഫിനിഷ് ചെയ്തിരുന്നു. ഇന്ന് വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ‘അടിവാരത്തേക്ക്’ കൂപ്പുകുത്തി സീസണിലെ ഏറ്റവും മോശം ടീമായി പടിയിറങ്ങാനാകും രാജസ്ഥാന്റെ വിധി.

അതേസമയം ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെതിരെ പരാജയപ്പെട്ടിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിന്റെ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.

പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നേഹല്‍ വധേര, ശശാങ്ക് സിങ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും ഹര്‍പ്രീത് ബ്രാറിന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെയും കരുത്തിലാണ് പഞ്ചാബ് വിജയം പിടിച്ചടക്കിയത്.

Content Highlight: IPL 2025: CSK VS RR: Rajasthan will become the worst team in the 2025 IPL season if they lose to Chennai

We use cookies to give you the best possible experience. Learn more