| Wednesday, 21st May 2025, 8:35 am

കണക്കൊന്നും കണക്കാവുന്നില്ലല്ലോടോ? ചെന്നൈയെ വിമര്‍ശിച്ച് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് മുന്‍ ചാമ്പ്യന്മാര്‍ വഴങ്ങിയത്.

ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്‍തുടര്‍ന്ന രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ 188 റണ്‍സ് എടുത്ത് മറികടക്കുകയായിരുന്നു. സീസണിലെ അവസാന മത്സരത്തില്‍ ആശ്വാസ ജയവുമായി റോയല്‍സ് മടങ്ങിയപ്പോള്‍ സൂപ്പര്‍ കിങ്സ് പത്താം തോല്‍വി ഏറ്റുവാങ്ങി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ പതര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ രണ്ട് ഓവറില്‍ തന്നെ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വണ്‍ ഡൗണായി ഇറങ്ങിയ ഉര്‍വില്‍ പട്ടേല്‍ പുറത്തായതിന് പിന്നാലെ ചെന്നൈക്കായി ബാറ്റിങ്ങിനെത്തിയത് ആര്‍. അശ്വിന്‍ ആയിരുന്നു. ഒരു വിക്കറ്റ് കൂടെ നഷ്ടമായപ്പോള്‍ ക്രീസിലെത്തിയത് രവീന്ദ്ര ജഡേജയും.

വെടിക്കെട്ട് ബാറ്റിങ് തുടരുന്ന ഡെവാള്‍ഡ് ബ്രെവിസിനെയും ശിവം ദുബൈയും മറികടന്നാണ് ഇരുവരും എത്തിയത്. അശ്വിന്‍ 13 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ ജഡേജ ഒരു റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

അശ്വിനെയും ജഡേജയെയും നേരത്തെ ഇറക്കാനുള്ള ചെന്നൈയുടെ തീരുമാനത്തെ വിമര്‍ശിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ചെന്നൈ അവരുടെ മൂന്ന് ബാറ്റര്‍മാര്‍ പുറത്തായപ്പോള്‍ രണ്ട് ബൗളര്‍മാരെ ബാറ്റിങ്ങിന് അയച്ചുവെന്നും ചില സമയത്ത് അവരുടെ കണക്ക് ശരിയല്ലെന്ന് തോന്നുവെന്നാണ് മുന്‍ താരം പറഞ്ഞത്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ എക്സിലൂടെയാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത്.

‘ചെന്നൈയുടെ മൂന്ന് പേര് പുറത്തായി. അവര്‍ രണ്ട് ബൗളര്‍മാരെ ബാറ്റിങ്ങിനയച്ചു. ചിലപ്പോള്‍ അവരുടെ കണക്കുകൂട്ടലുകള്‍ ഒന്നും കണക്കാവുന്നില്ല എനിക്ക് തോന്നും,’ സ്റ്റെയ്ന്‍ എഴുതി.

സൂപ്പര്‍ കിങ്‌സിനായി ആയുഷ് മാഹ്‌ത്രെ 20 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ് 25 പന്തില്‍ 42 റണ്‍സും അടിച്ചെടുത്തു. 32 പന്തില്‍ 39 റണ്‍സ് നേടിയ ശിവം ദുബൈയാണ് മികച്ച പ്രകടനം നടത്തിയ മറ്റൊരു താരം.

രാജസ്ഥനായി ആകാശ് മധ് വാളും യുദ്ധ് വീര്‍ സിങ്ങും മൂന്ന് വിക്കറ്റ് വീഴ്ത്തി. വാനിന്ദു ഹസരങ്കയും തുഷാര്‍ ദേശ്പാണ്ഡെയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ എടുത്തത്.

മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാനായി വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 33 പന്തില്‍ നാല് വീതം സിക്സും ഫോറും അടക്കം 57 റണ്‍സാണ് വൈഭവ് ചെന്നൈക്കെതിരെ നേടിയത്. സഞ്ജു സാംസണ്‍ (31 പന്തില്‍ 41), യശസ്വി ജെയ്‌സ്വാള്‍ (19 പന്തില്‍ 36), ധ്രുവ് ജുറെല്‍ (12 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. അന്‍ഷുല്‍ കംബോജും നൂര്‍ അഹമ്മദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: IPL 2025: CSK vs RR: Dale Steyn criticizes Chennai Super Kings’ strategy against Rajasthan Royals

We use cookies to give you the best possible experience. Learn more