| Sunday, 4th May 2025, 1:16 pm

കഴിവുള്ളവന്‍, ഒരു ആധുനിക ടി20 ക്രിക്കറ്ററില്‍ നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം അവനുണ്ട്; യുവതാരത്തെ പ്രശംസിച്ച് ഫ്‌ലെമിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ രണ്ടാം സതേണ്‍ ഡെര്‍ബി മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്സ് തോറ്റിരുന്നു. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ തോല്‍വിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ വഴങ്ങിയത്. ഇതോടെ സീസണിലെ ഒമ്പതാം തോല്‍വിയും ടീമിന് നേരിടേണ്ടി വന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എടുത്തിരുന്നു. വിരാട് കോഹ്ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ബെംഗളൂരു മികച്ച സ്‌കോറിലെത്തിയത്.

എന്നാല്‍, വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം 211ല്‍ അവസാനിക്കുകയായിരുന്നു. ടീമിനായി യുവതാരം മാഹ്ത്രെ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 48 പന്തില്‍ 94 റണ്‍സാണ് താരം അടിച്ചെടുത്തത്. അഞ്ച് സിക്സും ഒമ്പത് ഫോറും അടക്കം അടിച്ച ഇന്നിങ്സ് അര്‍ഹിച്ച സെഞ്ച്വറിക്കരികില്‍ അവസാനിക്കുകയായിരുന്നു.

മത്സര ശേഷം താരത്തെ കുറിച്ച് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് സംസാരിച്ചിരുന്നു. ഒരു കഴിവുള്ള കളിക്കാരനാണ് ആയുഷ് മാഹ്‌ത്രെയെന്നും ഒരു ആധുനിക ടി20 ക്രിക്കറ്ററില്‍ നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം അവനുണ്ടെന്നും ഫ്‌ലെമിങ് പറഞ്ഞു. ഗെയിം പ്ലാനില്‍ ഉറച്ചുനില്‍ക്കാനും മികച്ച കളിക്കാരുടെ മുന്നില്‍ അത് നടപ്പിലാക്കാനും കഴിയുന്നത് യഥാര്‍ത്ഥ നിലവാരം കാണിക്കുന്നുവെന്നും ആയുഷ് കളിക്കുന്ന രീതിയില്‍ എന്തോ പ്രത്യേകതയുണ്ടെന്നും അത് അനുഭവിച്ച് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മികച്ച കൈ-കണ്ണ് ഏകോപനവും സുഗമവും വൃത്തിയുള്ളതുമായ സ്വിങ്ങുമുള്ള ഒരു കഴിവുള്ള കളിക്കാരനാണ് ആയുഷ് മാഹ്‌ത്രെ. അവന്‍ ലക്ഷ്യബോധത്തോടെയും ആക്രമണോത്സുകതയോടെയും കളിക്കുന്നു. ആധുനിക ഒരു ടി20 ക്രിക്കറ്ററില്‍ നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം അവനുണ്ട്.

എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അവന്റെ സ്വഭാവമാണ്. പരിശീലനത്തില്‍ മാത്രമല്ല, വലിയ വേദിയിലും സമ്മര്‍ദാവസ്ഥയില്‍ അവന്‍ മികച്ച രീതിയില്‍ കളിക്കുന്നു. എല്ലാ ഷോട്ടുകളും ഉണ്ടായിരിക്കുക എന്നത് ഒരു കാര്യമാണ്.

പക്ഷേ നിങ്ങളുടെ ഗെയിം പ്ലാനില്‍ ഉറച്ചുനില്‍ക്കാനും മികച്ച കളിക്കാരുടെ മുന്നില്‍ അത് നടപ്പിലാക്കാനും കഴിയുന്നത് യഥാര്‍ത്ഥ നിലവാരം കാണിക്കുന്നു. ആയുഷ് കളിക്കുന്ന രീതിയില്‍ എന്തോ പ്രത്യേകതയുണ്ട് – അത് വിവരിക്കാന്‍ പ്രയാസമാണ്, പക്ഷേ നിങ്ങള്‍ക്ക് അത് അനുഭവിക്കാന്‍ കഴിയും,’ ഫ്‌ലെമിങ് പറഞ്ഞു.

ട്രയല്‍സിലും ടീമില്‍ ചേരുന്നതിന് ശേഷമുള്ള അവന്റെ പ്രകടനവും തങ്ങളില്‍ മതിപ്പുളവാക്കിയെന്നും വളരെ പെട്ടെന്നാണ് ടീമുമായി പൊരുത്തപെട്ടതെന്നും പറഞ്ഞു. ആദ്യ ദിവസം മുതല്‍ തന്നെ ആയുഷും ടീമും പരസ്പരം കംഫോര്‍ട്ടബിളായിരുന്നുവെന്നും ഇത് ഒരു നീണ്ടതും വിജയകരവുമായ ഒരു യാത്രയുടെ തുടക്കം മാത്രമാണ് പ്രതീക്ഷിക്കുന്നുവെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇത് ഇപ്പോഴും തുടക്കമാണ്. പക്ഷേ ട്രയല്‍സിലും സീസണിന്റെ തുടക്കത്തിലും അവന്റെ പ്രകടനം ഞങ്ങളില്‍ മതിപ്പുളവാക്കി. ആയുഷ് വളരെ പെട്ടെന്നാണ് ടീമുമായി പൊരുത്തപ്പെട്ടത്. ആദ്യ ദിവസം മുതല്‍ തന്നെ അവന്‍ ടീമില്‍ കംഫോര്‍ട്ടബിളായിരുന്നു. ടീമിനും അതേ വികാരമായിരുന്നു. ഇത് ഒരു നീണ്ടതും വിജയകരവുമായ ഒരു യാത്രയുടെ തുടക്കം മാത്രമാണ് പ്രതീക്ഷിക്കുന്നു,’ ഫ്‌ലെമിങ് പറഞ്ഞു.

ആയുഷിന് പുറമെ രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി നേടി കരുത്ത് കാട്ടി. 45 പന്തില്‍ 77 നേടി താരം പുറത്താവാതെ നിന്നു. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ടുമായി തിളങ്ങിയ സാം കറന്‍ ഇത്തവണ പാടെ നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി വിരാട് കോഹ്ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

വിരാട് 33 പന്തില്‍ 62 റണ്‍സും ബേഥല്‍ 33 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി. വെറും 14 പന്ത് നേരിട്ട് പുറത്താകാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടാണ് ആര്‍.സി.ബിയെ 200 കടത്തിയത്. ആറ് സിക്‌സറും നാല് ഫോറും അടക്കം 378.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

സൂപ്പര്‍ കിങ്സിനായി മതീശ പതിരാന മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൂര്‍ അഹമ്മദും സാം കറനും ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: IPL 2025: CSK vs RCB: Stephen Fleming talks about Chennai Super Kings young player Ayush Mhatre

We use cookies to give you the best possible experience. Learn more