ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള സൂപ്പര്‍ പോരാട്ടമാണ് ഇന്ന് നടക്കാനിരിക്കുന്നത്. സ്വന്തം തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബെംഗളൂരു വിജയം തുടര്‍ന്ന് പോയിന്റ് ടേബിളില്‍ മുന്നേറാനാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ ബെംഗളൂരു മൂന്നാം സ്ഥാനത്താണ്. അതേസമയം, അഭിമാന ജയം തേടിയാണ് ചെന്നൈ റോയല്‍സിനെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ട് ടീം സീസണില്‍ നിന്ന് പുറത്തായിരുന്നു. സീസണിലെ മോശം ഫോമിനെ തുടര്‍ന്ന് ചെന്നൈ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയ എം.എസ്. ധോണിയിലാണ് ചെന്നൈ ആരാധകര്‍ പ്രതീക്ഷ വെക്കുന്നത്. പുറത്തായെങ്കിലും അവസാന മത്സരങ്ങളില്‍ ധോണിക്ക് കീഴില്‍ ചെന്നൈ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ആരാധകരുടെ സ്വന്തം ‘തല’യെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ടി – 20യില്‍ 350 സിക്‌സ് എന്ന നാഴികക്കല്ലാണ് താരത്തെ കാത്തിരിക്കുന്നത്. ധോണിക്ക് ഈ നേട്ടത്തിലെത്താന്‍ മൂന്ന് സിക്‌സ് കൂടെ നേടിയാല്‍ മതി.
ഇന്നത്തെ മത്സരത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചാല്‍ ഈ നാഴികകല്ലില്‍ എത്തുന്ന നാലാമത്തെ താരമാകാനും ധോണിക്ക് സാധിക്കും. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യക്കാര്‍.
നിലവില്‍ ധോണി 401 മത്സരങ്ങളില്‍ നിന്ന് 347 സിക്‌സുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 261 സിക്‌സുകളും താരം ഐ.പി.എല്ലില്‍ നേടിയതാണ്. സിക്‌സര്‍ വേട്ടയില്‍ ധോണി മലയാളി താരം സഞ്ജു സാംസണിന് ഒപ്പമാണുള്ളത്. സഞ്ജുവിനും ടി – 20യില്‍ 347 സിക്‌സുകളുണ്ട്.
ഈ സീസണില്‍ ധോണിക്ക് ടീമിനായി തന്റെ പഴയ ഫോമില്‍ പ്രകടനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. പത്ത് മത്സരങ്ങളില്‍ നിന്ന് 148.03 സ്‌ട്രൈക്ക് റേറ്റില്‍ 151 റണ്‍സാണ് താരം നേടിയത്. ഒമ്പത് സിക്സും 12 ഫോറുമാണ് താരത്തിന്റെ പതിനെട്ടാം സീസണിലെ സമ്പാദ്യം.
അതേസമയം, ചെന്നൈ ഐ.പി.എല്ലില്‍ ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഈ സീസണില്‍ രണ്ട് വിജയം മാത്രമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്സ് വെറും നാല് പോയിന്റുമായി ടേബിള്‍ അവസാന സ്ഥാനക്കാരാണ്.
Content Highlight: IPL 2025: CSK vs RCB: MS Dhoni needs three sixes to complete 350 sixes in T20 cricket