| Saturday, 3rd May 2025, 7:41 pm

വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍: സഞ്ജുവിനെ മറികടന്ന് ഒന്നാമനാകാന്‍ ധോണി; ഫിനിഷര്‍ ധോണിക്ക് കാര്യങ്ങള്‍ക്ക് എളുപ്പമാണ്, എന്നാല്‍...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ്. ധോണി ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

നേരത്തെ നടന്ന ചെന്നൈ – ബെംഗളൂരു മത്സരത്തില്‍ ചെപ്പോക്കിലെത്തി ആര്‍.സി.ബി സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ആ നേട്ടം വീണ്ടും ആവര്‍ത്തിക്കാനാണ് പാടിദാറും സംഘവും ഒരുങ്ങുന്നത്.

സൂപ്പര്‍ കിങ്‌സിനെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ബെംഗളൂരുവിന് സാധിക്കും. അതേസമയം, ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ സൂപ്പര്‍ കിങ്‌സാകട്ടെ ശേഷിച്ച മത്സരങ്ങളില്‍ വിജയിച്ച് തലയുയര്‍ത്തി മടങ്ങാനാണ് ഒരുങ്ങുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ രണം അല്ലെങ്കില്‍ മരണം എന്ന മനോഭാവത്തോടെയായിരിക്കും ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

ഈ മത്സരത്തില്‍ ഇതിഹാസ താരം എം.എസ്. ധോണിക്ക് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ മറികടക്കാനുള്ള അവസരമുണ്ട്. ഇതിന് വേണ്ടതാകട്ടെ വെറും ഒറ്റ സിക്‌സര്‍ മാത്രവും.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലേക്കാണ് ധോണി കണ്ണുവെക്കുന്നത്. ബാറ്റെടുത്ത 352 ഇന്നിങ്സില്‍ നിന്നും 347 സിക്സറുകളാണ് ധോണിയുടെ സമ്പാദ്യം. അതേസമയം, സഞ്ജു സാംസണാകട്ടെ 209 ഇന്നിങ്സില്‍ നിന്നും 347 സിക്സറുകളും നിലവില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സിനെതിരെ വെറും ഒറ്റ സിക്‌സര്‍ നേടിയാല്‍ സഞ്ജുവിനെ മറികടന്ന് ചരിത്രമെഴുതാന്‍ ധോണിക്ക് സാധിക്കും.

ടി-20യില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍

(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 289 – 347

എം.എസ്. ധോണി – 352 – 347

കെ.എല്‍. രാഹുല്‍ – 222 – 327

ഇതിനൊപ്പം തന്നെ ഏറ്റവുമധികം സിക്സര്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലും സഞ്ജുവിനെ മറികടക്കാന്‍ ധോണിക്ക് സാധിക്കും. നിലവില്‍ ഈ നേട്ടത്തില്‍ അഞ്ചാം സ്ഥാനത്താണ് ധോണി.

ടി-20യില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 445 – 542

വിരാട് കോഹ്‌ലി – 392 – 429

സൂര്യകുമാര്‍ യാദവ് – 296 – 368

സഞ്ജു സാംസണ്‍ – 289 – 347

എം.എസ്. ധോണി – 352 – 347

കെ.എല്‍. രാഹുല്‍ – 222 – 327

സുരേഷ് റെയ്ന – – 319 – 325

ഇക്കൂട്ടത്തില്‍ സുരേഷ് റെയ്നയൊഴികെയുള്ള എല്ലാവരും കളിക്കളത്തില്‍ തുടരുന്നതിനാല്‍ റെക്കോഡുകള്‍ മാറിമറയാനുള്ള സാധ്യതകളും ഏറെയാണ്.

അതേസമയം, ചെപ്പോക്കിലെത്തി തങ്ങളുടെ കോട്ട തകര്‍ത്തതിന്റെ പ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണ് ധോണിക്കും സംഘത്തിനും മുമ്പിലുള്ളത്. ഈ സീസണില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഹോം ടീമിന്റെ പ്രകടനം നിരാശാജനകമാണ് എന്നതാണ് സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ, ഷെയ്ഖ് റഷീദ്, സാം കറന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ജേകബ് ബേഥല്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ലുങ്കി എന്‍ഗിഡി, യാഷ് ദയാല്‍.

Content Highlight: IPL 2025: CSK vs RCB: MS Dhoni need just one sixer to surpass Sanju Samson

We use cookies to give you the best possible experience. Learn more