| Tuesday, 15th April 2025, 10:37 am

വിജയ് ശങ്കറിനെയൊക്കെ എടുത്ത് പുറത്ത് കളയണം, മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കും; തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

അവസാന ഓവറുകളിലെ ശിവം ദുബൈയുടെയും ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെയും തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തിരുന്നു. നായകന്‍ റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹോം ടീം മികച്ച സ്‌കോറിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഓപ്പണിങ് പുതിയ പരീക്ഷണം നടത്തിയ ചെന്നൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഷെയ്ഖ് റഷീദും രചിന്‍ രവീന്ദ്രയും  ചേര്‍ന്ന് അഞ്ച് ഓവറില്‍ ടീം സ്‌കോര്‍ അമ്പത് കടത്തിയിരുന്നു. 37  റണ്‍സും 27 റണ്‍സും യഥാക്രമം എടുത്ത് ഇരുവരും പുറത്തായതിന് ശേഷം പ്രതിസന്ധി നേരിട്ട ചെന്നൈയെ രക്ഷിച്ചത് ശിവം ദുബൈ – ധോണി കൂട്ടുകെട്ടാണ്.

ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശിവം ദുബൈ 37 പന്തില്‍ 43 റണ്‍സാണ് എടുത്തത്.  ഡെത്ത് ഓവറുകളിലെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ 11 പന്തുകള്‍ നേരിട്ട് ധോണി 26 റണ്‍സും നേടി.  ഒരു സിക്സും നാല് ഫോറും അടങ്ങുന്നതായിരിക്കുന്നു താരത്തിന്റെ ഇന്നിങ്സ്.


മത്സരത്തിന് ശേഷം ചെന്നൈ നായകന്‍ എം.എസ് ധോണിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് സംസാരിച്ചിരുന്നു. വിജയ് ശങ്കറിനേക്കാള്‍ കൂടുതല്‍ എം.എസ് ധോണി സ്വയം പിന്തുണച്ചാല്‍ ഈ സീസണില്‍ ചെന്നൈയ്ക്ക് കൂടുതല്‍ മത്സരങ്ങളില്‍ ജയിക്കാന്‍ സാധിക്കുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ധോണിക്ക് എപ്പോള്‍ വേണമെങ്കിലും വലിയ ഷോട്ടുകള്‍ അടിക്കാന്‍ കഴിയുമെന്നും  ലഖ്നൗവിനെതിരെയുള്ള മത്സരത്തില്‍ പഴയ ധോണിയെ കാണാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിജയ് ശങ്കറിനേക്കാള്‍ കൂടുതല്‍ എം.എസ് ധോണി സ്വയം പിന്തുണച്ചാല്‍ ഈ സീസണില്‍ ചെന്നൈയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ ജയിക്കാന്‍ സാധിക്കും. ശങ്കര്‍ വേഗത്തില്‍ റണ്‍സ് നേടുന്നില്ല. കുറഞ്ഞത് ധോണിക്ക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ സിംഗിള്‍സും ഡബിള്‍സും എടുക്കാന്‍ കഴിയും.

അതുപോലെ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും വലിയ ഷോട്ടുകള്‍ അടിക്കാന്‍ കഴിയും. ലഖ്നൗവിനെതിരെയുള്ള മത്സരത്തില്‍ പഴയ ധോണിയെ കാണാന്‍ നമുക്ക് സാധിച്ചു,’ ഹര്‍ഭജന്‍ പറഞ്ഞു.


മത്സരത്തില്‍ ആറാം നമ്പറില്‍ ഇറങ്ങി വിജയ് ശങ്കര്‍ നിരാശപ്പെടുത്തിയിരുന്നു. എട്ട് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് താരം നേടിയത്. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 118  റണ്‍സ് എടുത്തിട്ടുണ്ട്. ശങ്കറിന് 39.33 ശരാശരിയും 129.67 സ്‌ട്രൈക്ക് റേറ്റുമാണുള്ളത്.

Content Highlight: IPL 2025: CSK vs LSG: Former Indian cricketer Harbhajan Singh Talks About Chennai Super Kings Captain MS Dhoni

We use cookies to give you the best possible experience. Learn more