| Saturday, 12th April 2025, 12:09 pm

ഒഴിവ് കഴിവുകള്‍ പറയുന്നത് നിര്‍ത്തൂ, ഇത്തരം തോല്‍വികള്‍ വിഷമിപ്പിക്കുന്നു; ചെന്നൈക്ക് രൂക്ഷ വിമര്‍ശനവുമായി റായിഡു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 104 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ കൊല്‍ക്കത്ത 59 പന്ത് ബാക്കി നില്‍ക്കവെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. മാത്രമല്ല ചെന്നൈ ചെപ്പോക്കില്‍ നേടുന്ന ഏറ്റവും മോശം സ്‌കോറും ഏറ്റവും വലിയ തോല്‍വിയുമാണിത്.

ഇപ്പോള്‍ ചെന്നൈയുടെ തോല്‍വിയില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ താരവുമായിരുന്ന അമ്പാട്ടി റായിഡു. ചെന്നൈ ബാറ്റര്‍മാര്‍ കൂട്ടുകെട്ട് ഉണ്ടാക്കാത്തതും കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതുമാണ് തോല്‍വിക്ക് കാരണമെന്ന് ധോണി മത്സരശേഷം പറഞ്ഞിരുന്നു. എന്നാല്‍ ധോണി പറഞ്ഞ കാരണങ്ങളെ എതിര്‍ക്കുകയാണ് റായിഡു.

ഒഴിവ് കഴിവുകള്‍ പറയുന്നത് നിര്‍ത്തണമെന്നും ചെന്നൈ താരങ്ങള്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചില്ലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു കളി തോല്‍ക്കുന്നതില്‍ തെറ്റില്ലെന്നും കുറഞ്ഞപക്ഷം കുറച്ച് പോരാട്ടമെങ്കിലും കാണിക്കണമെന്നും ഇതുപോലുള്ള ഒരു തോല്‍വി കാണുന്നത് സങ്കടകരമാണ് എന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘ഒഴിവ് കഴിവുകള്‍ പറയുന്നത് നിര്‍ത്തുക. കെ.കെ.ആറിന്റെ ബൗളിങ് മികച്ചതായിരുന്നുവെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല. നിങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്തില്ല. ഷോട്ടുകള്‍ കളിക്കാന്‍ ഉദ്ദേശമില്ലായിരുന്നു. നല്ല പന്തുകള്‍ ലഭിക്കുമ്പോള്‍ നിങ്ങള്‍ ഷോട്ടുകള്‍ അടിക്കണം.

ഒരു കളി തോല്‍ക്കുന്നതില്‍ തെറ്റില്ല. പക്ഷേ കുറഞ്ഞപക്ഷം കുറച്ച് പോരാട്ടമെങ്കിലും കാണിക്കുക. ഇതുപോലുള്ള ഒരു തോല്‍വി കാണുന്നത് സങ്കടകരമാണ്. കൊല്‍ക്കത്തക്കെതിരെ സി.എസ്.കെയ്ക്ക് കളിക്കാന്‍ ഒരു ഉദ്ദേശമില്ലായിരുന്നു. യാതൊരു പ്ലാനിങ്ങുമില്ലാതെയാണ് ആര്‍. അശ്വിന്‍ ബാറ്റ് ചെയ്തത്,’ റായിഡു പറഞ്ഞു.

മത്സരത്തില്‍ ശിവം ദുബൈയും വിജയ് ശങ്കറും മാത്രമാണ് ടീമിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.
നാലാം നമ്പറില്‍ ഇറങ്ങി 29 പന്തില്‍ പുറത്താവാതെ 31 റണ്‍സാണ് ദുബൈ നേടിയത്. വിജയ് ശങ്കര്‍ 21 പന്തില്‍ 29 റണ്‍സും എടുത്തിരുന്നു. ചെന്നൈയുടെ ആറ് ബാറ്റര്‍മാര്‍ ഒറ്റ സംഖ്യയില്‍ പുറത്തായത്.

കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ ബാറ്റ് കൊണ്ടും ബൗളു കൊണ്ടും മിന്നും പ്രകടനമാണ് നടത്തിയത്. താരം 18 പന്തില്‍ 44 റണ്‍സും നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടിയിരുന്നു.

Content Highlight: IPL 2025: CSK vs KKR: Former  Indian Cricketer Ambati Rayudu Criticizes Chennai Super Kings

We use cookies to give you the best possible experience. Learn more