ഐ.പി.എല്ലില്‍ ഇന്ന് അവസാന അങ്കത്തിനിറങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്. ഡബിള്‍ ഹെഡ്ഡര്‍ സണ്‍ ഡേയിലെ ആദ്യ മത്സരത്തില്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി.
പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനവും ആദ്യ ക്വാളിഫയറും ലക്ഷ്യമിട്ടാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. അതേസമയം, ആശ്വാസ ജയമാവും ചെന്നൈയുടെ ഉന്നം. അവസാന മത്സരത്തില്‍ ജയിച്ച് ഈ സീസണില്‍ നിന്ന് മടങ്ങാനാവും മുന്‍ ചാമ്പ്യന്‍മാര്‍ ആഗ്രഹിക്കുന്നത്.
ജയം മോഹിച്ച് ഇരുവരും കളത്തിലിറങ്ങുമ്പോള്‍ എം.എസ് ധോണിയായിരിക്കും മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം. മറ്റൊരു ഐ.പി.എല്ലില്‍ കൂടി മഞ്ഞ ജേഴ്സിയില്‍ താരമുണ്ടാകുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ് ഈ മത്സരം താരത്തിന്റെ അവസാന മത്സരമായേക്കാമെന്നാണ് പറയുന്നത്.
ഇക്കാരണത്താല്‍ ആരാധകര്‍ ഈ മത്സരം ഉത്സവം പോലെ ആഘോഷിക്കണമെന്നും സ്റ്റേഡിയം മഞ്ഞ നിറത്തില്‍ മുക്കി അദ്ദേഹത്തിന് സ്‌നേഹം നല്‍കണമെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു. എട്ട് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ശേഷം മൂന്ന് മാസം കളിക്കുക ബുദ്ധിമുട്ടാണെന്ന് ഈ വര്‍ഷം ധോണിക്ക് മനസിലായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചെന്നൈയും ഗുജറാത്തും തമ്മിലുള്ള മത്സരം ആരാധകര്‍ ഫെസ്റ്റിവല്‍ പോലെ ആഘോഷിക്കണം. ഈ മത്സരം ചിലപ്പോള്‍ എം.എസ് ധോണിയുടെ അവസാന മത്സരമായേക്കാം. അവന്‍ ക്യാപ്റ്റനായും കളിക്കാരനായും അവസാനമായി ഒരിക്കല്‍ കൂടി കളത്തിലിറങ്ങും. സ്റ്റേഡിയം മഞ്ഞ നിറത്തില്‍ മുക്കി അദ്ദേഹത്തിന് സ്‌നേഹം നല്‍കുക.
ധോണിക്ക് അവസാന മത്സരം ജയിക്കണമെന്നാണ് ആഗ്രഹം. സി.എസ്.കെ ധോണിയാണ്, ധോണി സി.എസ്.കെയുമാണ്. എട്ട് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ശേഷം മൂന്ന് മാസം കളിക്കുക ബുദ്ധിമുട്ടാണ്. ഈ വര്‍ഷം ധോണിക്ക് അത് മനസിലായി,’ കൈഫ് പറഞ്ഞു.
ധോണി ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 196 റണ്‍സാണ് നേടിയത്. 24.50 ആവറേജും 135.17 സ്‌ട്രൈക്ക് റേറ്റുമാണ് ചെന്നൈ നായകനുള്ളത്. താരത്തിന് പതിനെട്ടാം സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടാനായിട്ടില്ല. സീസണിന്റെ തുടക്കത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെയും ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയും നേടിയ 30 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
Content Highlight: IPL 2025: CSK vs GT: Muhammed Kaif says the match between Chennai Super Kings and Gujarat Titans could be last match of MS Dhoni in IPL