| Sunday, 25th May 2025, 6:51 pm

ആ പഴയ സൂപ്പര്‍ കിങ്‌സിനെ ഞാന്‍ കണ്ടടോ... സിംഹഗര്‍ജനവുമായി വിന്റേജ് കാലത്തെ ഓര്‍മിപ്പിച്ച് സി.എസ്.കെ

സ്പോര്‍ട്സ് ഡെസ്‌ക്

വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമും ടേബിള്‍ ടോപ്പേഴ്‌സുമായി ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് സ്വന്തമാക്കി. ഡെവാള്‍ഡ് ബ്രെവിസിന്റെയും ഡെവോണ്‍ കോണ്‍വേയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് സൂപ്പര്‍ കിങ്‌സ് മികച്ച സ്‌കോറിലെത്തിയത്.

ഇതോടെ ഒരു ചരിത്ര റെക്കോഡും സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മികച്ച നാലാമത് ടോട്ടലാണിത്. ടി-20 ഫോര്‍മാറ്റില്‍ അഞ്ചാമത് മികച്ച ടോട്ടലും. ഈ സീസണില്‍ സൂപ്പര്‍ കിങ്‌സിന്റെ മികച്ച ടോട്ടലും ഇതുതന്നെ.

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടലിനേക്കാള്‍ വെറും 16 റണ്‍സിന്റെ കുറവ് മാത്രമാണ് ഈ ഇന്നിങ്‌സിലേത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മികച്ച ടോട്ടലുകള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

246/5 – രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ – 2010

240/5 – കിങ്‌സ് ഇലവന്‍ പഞ്ചാബ് – മൊഹാലി – 2008

235/4 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഈഡന്‍ ഗാര്‍ഡന്‍സ് – 2023

230/4 – ഗുജറാത്ത് ടൈറ്റന്‍സ് – അഹമ്മദാബാദ് – 2025*

226/5 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ബെംഗളൂരു – 2023

ടി-20 ഫോര്‍മാറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മികച്ച ടോട്ടലുകള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

246/5 രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ – 2010

242/6 – ഡോള്‍ഫിന്‍സ് – ബെംഗളൂരു – 2014 (ചാമ്പ്യന്‍സ് ലീഗ് ടി-20)

240/5 കിങ്‌സ് ഇലവന്‍ പഞ്ചാബ് – മൊഹാലി – 2008

235/4 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഈഡന്‍ ഗാര്‍ഡന്‍സ് – 2023

230/4 – ഗുജറാത്ത് ടൈറ്റന്‍സ് – അഹമ്മദാബാദ് – 2025*

ബ്രെവിസ് 23 പന്തില്‍ 57 റണ്‍സ് നേടിയാണ് മിഡില്‍ ഓര്‍ഡറില്‍ ടീമിനെ താങ്ങിനിര്‍ത്തിയത്. അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 247.83 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടം.

കോണ്‍വേ 35 പന്തില്‍ 52 റണ്‍സ് നേടി ടോപ് ഓര്‍ഡറില്‍ കരുത്തായി. 19 പന്തില്‍ 37 റണ്‍സ് നേടിയ ഉര്‍വില്‍ പട്ടേലും 17 പന്തില്‍ 34 റണ്‍സ് നേടിയ ഓപ്പണര്‍ ആയുഷ് മാഹ്‌ത്രെയും തങ്ങളുടെ റോള്‍ ഗംഭീരമാക്കി.

എട്ട് പന്തില്‍ 17 റണ്‍സ് നേടിയ ശിവം ദുബെ, 18 പന്തില്‍ പുറത്താകാതെ 21 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനവും ടീമില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ കിങ്സ് 230 റണ്‍സില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ടൈറ്റന്‍സിനായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: IPL 2025: CSK vs GT: Chennai Super Kings scored 4th highest total in IPL history

We use cookies to give you the best possible experience. Learn more