| Sunday, 25th May 2025, 4:33 pm

ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് പിന്നാലെ തിരുത്തിക്കുറിച്ചത് സൂപ്പര്‍ കിങ്‌സിന്റെ ചരിത്രം; ഇംഗ്ലണ്ട് പാടുപെടും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമും ടേബിള്‍ ടോപ്പേഴ്‌സുമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ സൂപ്പര്‍ കിങ്‌സ് വിജയത്തോടെ പടിയിറങ്ങാനാണ് ശ്രമിക്കുന്നത്. അതേസമയം, ചെന്നൈയ്‌ക്കെതിരെ വിജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ ആദ്യ ക്വാളിഫയര്‍ ഉറപ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിക്കും. ഇക്കാരണങ്ങാല്‍ ഇരു ടീമിനെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്.

മികച്ച തുടക്കമാണ് സൂപ്പര്‍ കിങ്‌സിന് യുവതാരം ആയുഷ് മാഹ്‌ത്രെ സമ്മാനിച്ചത്. മൂന്ന് ഓവറില്‍ തന്നെ സൂപ്പര്‍ കിങ്‌സ് 44 റണ്‍സിലെത്തിയിരുന്നു. ഇതില്‍34 റണ്‍സും മാഹ്‌ത്രെയുടെ വകയായിരുന്നു.

നാലാം ഓവറിന്റെ നാലാം പന്തില്‍ താരം പുറത്തായിരുന്നു. 17 പന്തില്‍ നിന്നും 34 റണ്‍സുമായി നില്‍ക്കവെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. മൂന്ന് വീതം സിക്‌സറും ഫോറുമായി 200.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും മാഹ്‌ത്രെയുടെ പേരില്‍ കുറിക്കപ്പെട്ടു. സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തില്‍ തന്നെ ഒരു സീസണി ല്‍ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌ട്രൈക്ക് റേറ്റുള്ള താരം (ചുരുങ്ങിയത് ഏഴ് മത്സരങ്ങള്‍) എന്ന റെക്കോഡാണ് മാഹ്‌ത്രെ സ്വന്തമാക്കിയത്. ഈ സീസണില്‍ 192.4 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് മാഹ്‌ത്രെ പവര്‍പ്ലേയില്‍ ബാറ്റ് വീശുന്നത്.

ഐ.പി.എല്‍ സീസണില്‍ ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്ററുടെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌ട്രൈക്ക് റേറ്റ് (ചുരുങ്ങിയത് ഏഴ് മത്സരം)

(താരം – സ്‌ട്രൈക്ക് റേറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

ആയുഷ് മാഹ്‌ത്രെ – 192.4 – 2025

മോയിന്‍ അലി – 165.7 – 2022

സുരേഷ് റെയ്‌ന – 162.1 – 2014

അംബാട്ടി റായിഡു – 153.9 – 2018

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള U19 സ്‌ക്വാഡ് പ്രഖ്യാപിച്ച ശേഷമുള്ള മാഹ്‌ത്രെയുടെ ആദ്യ മത്സരമാണിത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ മാഹ്‌ത്രെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് ഇന്ത്യന്‍ യുവരക്തരങ്ങള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ U19 സ്‌ക്വാഡ്

ആയുഷ് മാഹ്ത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്സിങ് ചാവ്ദ, രാഹുല്‍ കുമാര്‍, അഭിജ്ഞാന്‍ കുണ്ഡു (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുദ്ധജീത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോല്‍ സിങ്.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: നമന്‍ പുഷ്പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലംകൃത രാപോല്‍ (വിക്കറ്റ് കീപ്പര്‍).

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം

(ദിവസം – മത്സരം – വേദി എന്നീ ക്രമത്തില്‍)

ജൂണ്‍ 24, ചൊവ്വ – 50 ഓവര്‍ സന്നാഹ മത്സരം – ലോഫ്ബറോ യൂണിവേഴ്സിറ്റി

ജൂണ്‍ 27, വെള്ളി – ആദ്യ ഏകദിനം – ഹൂവ്

ജൂണ്‍ 30, തിങ്കള്‍ – രണ്ടാം ഏകദിനം – നോര്‍താംപ്ടണ്‍

ജൂലൈ 02, ബുധന്‍ – മൂന്നാം ഏകദിനം – നോര്‍താംപ്ടണ്‍

ജൂലൈ 05, ശനി – നാലാം ഏകദിനം – വോര്‍സ്റ്റര്‍

ജൂലൈ 07, തിങ്കള്‍ – അവസാന ഏകദിനം – വോര്‍സ്റ്റര്‍

ജൂലെ 12 – ജൂലൈ 15 – ആദ്യ മള്‍ട്ടി ഡേ മാച്ച് – ബെക്കന്‍ഹാം

ജൂലൈ 20 – ജൂലൈ 23 – രണ്ടാം മള്‍ട്ടി ഡേ മാച്ച് – ചെംസ്ഫോര്‍ഡ്

Content Highlight: IPL 2025: CSK vs GT:  Ayush Mhatre tops the list of highest strike rate in the powerplay in a season by a CSK batter

We use cookies to give you the best possible experience. Learn more