| Saturday, 12th April 2025, 8:03 am

എട്ടിന്റെ പണിയല്ല ചെന്നൈക്ക് കിട്ടിയത് 59ന്റെ പണി: രാജാക്കന്മാര്‍ വമ്പന്‍ നാണക്കേടില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ ചെപ്പോക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് ചെന്നൈക്ക് നേരിടേണ്ടി വന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 104 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ കൊല്‍ക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അഞ്ചാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ച ശേഷം ധോണിയും സംഘവും വിജയത്തിന്റെ മധുരം രുചിച്ചിട്ടില്ല. എന്നാല്‍ ഈ തോല്‍വിക്ക് പുറകെ മറ്റൊരു വമ്പന്‍ നാണക്കേടാണ് ചെന്നൈയെ തേടിയെത്തിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത് (അവശേഷിക്കുന്ന പന്തിന്റെ കണക്കില്‍). 59 പന്ത് അവശേഷിക്കെയാണ് ചെന്നൈയെ കൊല്‍ക്കത്ത മലര്‍ത്തിയടിച്ചത്. ഇതിന് മുമ്പ് 2020ല്‍ മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയെ 46 പന്ത് ബാക്കി നില്‍ക്കെ പരാജയപ്പെടുത്തിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ നേരിടുന്ന ഏറ്റവും വലിയ തോല്‍വി(അവശേഷിക്കുന്ന പന്തിന്റെ കണക്കില്‍). പന്ത്, എതിരാളി, വേദി, വര്‍ഷം എന്ന ക്രമത്തില്‍

59 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ചെന്നൈ – 2025*

46 – മുംബൈ ഇന്ത്യന്‍സ് – ഷാര്‍ജ – 2020

42 – പഞ്ചാബ് – ദുബായി – 2021

40 – ദല്‍ഹി ക്യാപിറ്റല്‍സ് – ദല്‍ഹി – 2012

37 – മുംബൈ ഇന്ത്യന്‍സ് – മുംബൈ – 2008

ഇതിനൊപ്പം മറ്റൊരു മോശം റെക്കോഡും ഈ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ കിങ്‌സിനെ തേടിയെത്തി. ചെപ്പോക്കിലെ ഹാട്രിക് തോല്‍വിയുടെ അനാവശ്യ നേട്ടമാണിത്. ഇതാദ്യമായാണ് ചെന്നൈ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്.

ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന് തൊട്ടതെല്ലാം പിഴച്ചു. ചെന്നൈ നിരയിലെ ആറ് പേരാണ് ഒറ്റസംഖ്യയില്‍ പുറത്തായത്. ടീമിന് വേണ്ടി മികവ് പുലര്‍ത്തിയത് ശിവം ദുബെയാണ് 29 പന്തില്‍ 31 റണ്‍സാണ് ചാരം നേടിയത്.

വിജയ് ശങ്കര്‍ 29 റണ്‍സും നേടി. ക്യാപ്റ്റനായി തിരിച്ചെത്തിയ ധോണി നാല് പന്ത് കളിച്ച് ഒരു റണ്‍സിനാണ് പുറത്തായത്. അതേസമയം ചെന്നൈ നിരയെ അടപടലം തീര്‍ത്തത് കൊല്‍ക്കത്തയുടെ സ്പിന്നര്‍ സുനില്‍ നരെയ്‌നാണ്.

നാല് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 3.25 എക്കോണമിയിലാണ് താരത്തിന്റെ വിക്കറ്റ് നേട്ടം. നരെയ്‌ന് പുറമെ ഹര്‍ഷിത് റാണ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. വൈഭവും മൊയീനും ശേഷിക്കുന്ന വിക്കറ്റുകള്‍ നേടി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയതും സുനില്‍ തന്നെയാണ് 18 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം നേടിയത്. ക്വിന്റണ്‍ ഡി കോക്ക് 16 പന്തില്‍ 23 റണ്‍സും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27 റണ്‍സും നേടിയപ്പോള്‍ റിങ്കു സിങ് 15 റണ്‍സ് നേടി. ചെന്നൈക്ക് വേണ്ടി അന്‍ഷുല്‍ കാംബോജിനും നൂര്‍ അഹമ്മദിനും മാത്രമാണ് വിക്കറ്റ് നേടാന്‍ സാധിച്ചത്.

Content Highlight: IPL 2025: CSK In Unwanted Record Achievement In IPL

We use cookies to give you the best possible experience. Learn more