പതിനെട്ടാം സീസണിലെ സെന്‍സേഷണലുകളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരന്‍ വൈഭവ് സൂര്യവംശിയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 17കാരന്‍ ആയുഷ് മാഹ്‌ത്രെയും. ബിഹാറില്‍ നിന്നും ഇടം കൈയ്യന്‍ ബാറ്റര്‍ വൈഭവ് റോയല്‍സിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. തന്റെ മൂന്നാം മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി ടി-20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായിരുന്നു. ഗുജറാത്ത് ടൈറ്റസിനെതിരെ 35 പന്തിലാണ് താരം സെഞ്ച്വറി നേടിയിരുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള മാഹ്‌ത്രെ മുംബൈ സ്വദേശിയാണ്. കഴിഞ്ഞ ദിവസം നടന്ന ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി താരം തിളങ്ങിയിരുന്നു. ഈ പ്രകടനത്തോടെ മാഹ്‌ത്രെ ഐ.പി.എല്ലില്‍ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരവുമായിരുന്നു. പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗൈയ്ക്വാദിന് പകരക്കാരനായാണ് താരം ടീമിന്റെ ഭാഗമായത്.
ഇപ്പോള്‍ ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്. സൂര്യവംശിയും മാഹ്‌ത്രെയും കളിച്ച രീതി മികച്ച നിലവാരമുള്ളതായിരുന്നുവെന്നും ഈ യുവതാരങ്ങള്‍ എത്രമാത്രം നിര്‍ഭയരായാണ് കളിക്കുന്നതെന്ന് കാണുന്നത് അതിശയകരമാണെന്നും ഫ്‌ലെമിങ് പറഞ്ഞു.
താരങ്ങളുടെ പ്രായം 14, 18, 21 വയസോ എന്നത് പ്രശ്‌നമല്ലെന്നും പ്രായത്തിനപ്പുറമുള്ള പക്വതയോടെയാണ് അവര്‍ കളിക്കുന്നതെന്നും ഏത് തലത്തിലുമുള്ള ബൗളര്‍മാരെയും വെല്ലുവിളിക്കാന്‍ കഴിയുന്ന കഴിവുകളും അവര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ യുവതാരങ്ങള്‍ എത്രമാത്രം നിര്‍ഭയരാണെന്ന് കളിക്കുന്നതെന്ന് കാണുന്നത് അതിശയകരമാണ്. പക്ഷേ, നിങ്ങള്‍ക്ക് കഴിവുകളും ആവശ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച ചില ബൗളര്‍മാര്‍ക്കെതിരെ ഈ യുവതാരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതി ശരിക്കും ശ്രദ്ധേയമാണ്.
നിങ്ങള്‍ക്ക് പ്രായം 14 , 18, 21 വയസോ എന്നത് പ്രശ്‌നമല്ല. സൂര്യവംശിയും മാഹ്‌ത്രെയും കളിച്ച രീതി മികച്ച നിലവാരമുള്ളതായിരുന്നു. പ്രായത്തിനപ്പുറമുള്ള പക്വതയോടെയാണ് അവര്‍ കളിക്കുന്നത്. ഏത് തലത്തിലുമുള്ള ബൗളര്‍മാരെ വെല്ലുവിളിക്കാന്‍ കഴിയുന്ന കഴിവുകളും അവര്‍ക്കുണ്ട്,’ ഫ്‌ലെമിങ് പറഞ്ഞു.
സൂര്യവംശിയും മാഹ്‌ത്രെയും പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തെ കുറിച്ചും ചെന്നൈ പരിശീലകന്‍ സംസാരിച്ചു. ഈ രണ്ട് ഓപ്പണര്‍മാര്‍ വളരെ കഴിവുള്ളവരാണെന്നും ലോകകപ്പില്‍ അവരെ നേരിടാന്‍ പോകുന്ന അണ്ടര്‍ 19 ടീമുകളെക്കുറിച്ച് എനിക്ക് അല്‍പ്പം ആശങ്കയുണ്ടെന്നും ഫ്‌ലെമിങ് പറഞ്ഞു.
‘സത്യം പറഞ്ഞാല്‍, ലോകകപ്പില്‍ അവരെ നേരിടാന്‍ പോകുന്ന അണ്ടര്‍ 19 ടീമുകളെക്കുറിച്ച് എനിക്ക് അല്‍പ്പം ആശങ്കയുണ്ട്. ഈ രണ്ട് ഓപ്പണര്‍മാര്‍ വളരെ കഴിവുള്ളവരാണ്. സമ്മര്‍ദത്തിലും അവരെ ശാന്തരായി കാണപ്പെടുന്നു. അവര്‍ക്ക് ഇതിനകം എത്രമാത്രം കഴിവും ആത്മവിശ്വാസവുമുണ്ടെന്ന് കാണുന്നത് അവിശ്വസനീയമാണ്,’ ഫ്‌ലെമിങ് പറഞ്ഞു.
Content Highlight: IPL 2025: CSK coach Stephen Fleming talks about IPL young sensations Vaibhav Suryavanshi and Ayush Mathre