| Thursday, 5th June 2025, 2:30 pm

ഇതൊരു തുടക്കം മാത്രം, നമ്മള്‍ ഇനി കാണുക തീര്‍ത്തും വ്യത്യസ്തമായ ആര്‍.സി.ബിയെ; പ്രസ്താവനയുമായി പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ കിരീടാവകാശികളുമായി ഐ.പി.എല്‍ 2025ന് തിരശീല വീണിരിക്കുന്നു. 18 വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നി കിരീടത്തില്‍ മുത്തമിട്ടു. കിരീടമില്ലാത്ത രണ്ടു ടീമുകള്‍ മാറ്റുരച്ച ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ടൂര്‍ണമെന്റിന്റെ എട്ടാം ചാമ്പ്യനായത്.

ഇതോടെ ടീമിന്റെ സൂപ്പര്‍ താരമായ വിരാടിന്റെ കാത്തിരിപ്പിനും അറുതിയായി. കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തം പേരിലെഴുതിയിട്ടും കിട്ടാക്കനിയായി തുടര്‍ന്ന ഐ.പി.എല്‍ കപ്പെന്ന 18ാം നമ്പറുകാരന്റെ സ്വപ്നമാണ് സഫലമായത്. എന്നാല്‍ പഞ്ചാബ് കിങ്‌സിന്റെ ആദ്യ കിരീടമോഹം പൊലിയുകയും ചെയ്തു.

ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കന്നി കിരീട നേട്ടത്തില്‍ പ്രതികരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ താരം ചേതേശ്വര്‍ പൂജാര. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റേത് ഒരു തുടക്കം മാത്രമാണെന്നും അവര്‍ക്ക് മുന്നില്‍ മികച്ചൊരു ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത സീസണുകളില്‍ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ടീമായി ആര്‍.സി.ബി മാറുമെന്നും ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ചേതേശ്വര്‍ പൂജാര.

‘എനിക്ക് തോന്നുന്നത് ഇത് വെറുമൊരു തുടക്കമാണ്. ആര്‍.സി.ബിയ്ക്ക് ഒരു മികച്ച ഭാവിയുണ്ട്. അവര്‍ക്ക് ഇപ്പോള്‍ ഒരു കിരീടവും കഴിവുമുണ്ടെന്ന് അവര്‍ക്ക് അറിയാം. അതിനാല്‍ അടുത്ത സീസണുകളില്‍ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ടീമുകള്‍ ഒന്നായി ബെംഗളൂരു മാറും.

ഒരു കിരീടം നേടിയതിനാല്‍ അതിനായി എന്താണ് വേണ്ടതെന്ന് ഇപ്പോള്‍ അവര്‍ക്കറിയാം. സീസണില്‍ മുഴുവനും മികച്ച പ്രകടനം പുറത്തെടുത്തിട്ടും കപ്പ് നേടാതിരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ഉയരും. പക്ഷേ, കിരീടം നേടിയതിനാല്‍ അവര്‍ക്ക് നല്ല ഭാവിയുണ്ട്,’ പൂജാര പറഞ്ഞു.

Content Highlight: IPL 2025: Cheteshwar Pujara talks about Royal challengers Bengaluru

We use cookies to give you the best possible experience. Learn more