| Friday, 9th May 2025, 4:44 pm

ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ അനാവശ്യ നേട്ടത്തില്‍ ഒന്നാമതായി ധോണിപ്പട; ഭൂമിക്ക് തണലാകാന്‍ 9,000 മരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുയാണ്. താരങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഐ.പി.എല്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് ടൂര്‍ണമെന്റ് വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഐ.പി.എല്ലില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ്. കളിച്ച 12 മത്സരത്തില്‍ ഒമ്പതിലും പരാജയപ്പെട്ട് ആറ് പോയിന്റ് മാത്രമാണ് സൂപ്പര്‍ കിങ്‌സിനുള്ളത്.

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുമ്പോള്‍ ഒരു അനാവശ്യ റെക്കോഡും സൂപ്പര്‍ കിങ്‌സിനെ തേടിയെത്തി. ഈ സീസണില്‍ ഇതുവരെ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ കളിച്ച ടീം എന്ന മോശം റെക്കോഡാണ് സൂപ്പര്‍ കിങ്‌സിന്റെ പേരിലുള്ളത്.

സീസണില്‍ ഇതുവരെ 500 ഡോട്ട് ബോളുകളാണ് സൂപ്പര്‍ കിങ്‌സ് കളിച്ചത്. ആകെ നേരിട്ട 35 ശതമാനം പന്തുകളിലും ചെന്നൈയുടെ രാജാക്കന്‍മാര്‍ക്ക് റണ്‍സടിക്കാന്‍ സാധിച്ചില്ല.

ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വക 9,000 മരങ്ങളാണ് ഭൂമിക്കായി നട്ടുപിടിപ്പിക്കുന്നത്.

ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് അപെക്സ് ബോര്‍ഡ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. മത്സരങ്ങളില്‍ പിറക്കുന്ന ഓരോ ഡോട്ട് ബോളുകള്‍ക്കും ബി.സി.സി.ഐ 18 മരങ്ങള്‍ വീതം നട്ടുപിടിപ്പിക്കും.

ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ ടാറ്റ ഗ്രൂപ്പിനൊപ്പം കൈകോര്‍ത്താണ് ബി.സി.സി.ഐ ഈ പ്രവര്‍ത്തനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓരോ മത്സരങ്ങള്‍ അവസാനിക്കുമ്പോഴും നൂറുകണക്കിന് മരങ്ങളാണ് നട്ടുപിടിപ്പിക്കപ്പെടുന്നത്.

പോയിന്റ് പട്ടികയില്‍ സൂപ്പര്‍ കിങ്‌സിന് തൊട്ടുമുകളിലുള്ള രാജസ്ഥാന്‍ റോയല്‍സാണ് ഈ അനാവശ്യ നേട്ടത്തില്‍ രണ്ടാമത്. 35 ശതമാനമാണ് രാജസ്ഥാന്റെയും ഡോട്ട് ബോള്‍ പേര്‍സെന്റേജ്.

ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ കളിച്ച ടീം (ഇതുവരെ)

(ടീം – ഡോട്ട് ബോളുകള്‍ – ഡോട്ട് ബോള്‍ പേര്‍സെന്റേജ്)

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 500 – 35%

രാജസ്ഥാന്‍ റോയല്‍സ് – 492 – 35%

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 474 – 39%

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 465 – 36%

മുംബൈ ഇന്ത്യന്‍സ് – 464 – 35%

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 434 – 35%

പഞ്ചാബ് കിങ്‌സ് – 403 – 33%

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 402 – 35%

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 397 – 31%

ഗുജറാത്ത് ടൈറ്റന്‍സ് – 363 – 28%

അതേസമയം, ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ്യക്തമാക്കി.

രാജ്യത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

Content Highlight: IPL 2025: Chennai Super Kings tops the list of most dot ball played in this season (till now)

We use cookies to give you the best possible experience. Learn more