| Friday, 18th April 2025, 8:56 pm

ഏത് സാഹചര്യത്തിലും വിജയിക്കാന്‍ കഴിയും; പ്രസ്താവനയുമായി ബ്രാഡ് ഹാഡിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. എന്നാല്‍ മഴ കാരണം മത്സരത്തിന്റെ ടോസ് വൈകുകയാണ്.

അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരെ വമ്പന്‍ വിജയം നേടിയാണ് പഞ്ചാബ് കളത്തിലെത്തുന്നത്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോര്‍ ഡിഫന്റ് ചെയ്താണ് പഞ്ചാബിന്റെ വിജയക്കുതിപ്പ്. 111 റണ്‍സ് മറികടക്കാനിറങ്ങിയ കൊല്‍ക്കത്തയെ 95 റണ്‍സിനാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ പഞ്ചാബ് തളച്ചത്.

ബെംഗളൂരുവിനെതിരായ മത്സരത്തിന് മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ പഞ്ചാബിന്റെ അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്‍ സംസാരിച്ചിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ വിജയം പഞ്ചാബിന് വലിയ ആത്മവിശ്വാസം നല്‍കിയെന്നാണ് മുന്‍ താരം പറഞ്ഞത്.

‘ഞങ്ങള്‍ പരിശ്രമിക്കുന്ന എല്ലാത്തിനും ഇത് ശക്തി പകരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കളിക്കാര്‍ക്ക് സമീപനത്തില്‍ ആത്മവിശ്വാസം തോന്നിത്തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ ഞങ്ങള്‍ പൊരുതിയപോലെയുള്ള വിജയങ്ങള്‍ പ്രധാനമാണ്. ഏത് സാഹചര്യത്തില്‍ നിന്നും വിജയം ഉറപ്പാക്കാന്‍ കഴിയുമെന്ന് കളിക്കാര്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ഈ ടൂര്‍ണമെന്റില്‍ നിങ്ങള്‍ ധൈര്യമുള്ളവരായിരിക്കണം, ഞങ്ങളുടെ കളിക്കാര്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്ന മാനസികാവസ്ഥ അതാണ്.

ഞങ്ങളുടെ പ്രധാന ശക്തികളിലൊന്ന് ചലനാത്മകമായ ബാറ്റിങ് നിരയാണ്. ഞങ്ങളുടെ കളിക്കാര്‍ വ്യക്തമായ മാനസികാവസ്ഥയോടെ കളിയില്‍ പ്രവേശിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓരോ കളിക്കാരനും അവരുടെ പങ്ക് മനസിലാക്കുന്നു, അവര്‍ ശരിയായി പ്രകടനം കാഴ്ചവെച്ചാല്‍ എതിര്‍ ടീമിനെ കീഴടക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം. പരിശീലകര്‍ എന്ന നിലയില്‍, അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കേണ്ടത് നിര്‍ണായകമാണ്,’ ബ്രാഡ് പറഞ്ഞു.

അതേസമയം പോയിന്റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയം സ്വന്തമാക്കി എട്ട് പോയിന്റോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തും ആറ് മത്സരത്തില്‍ നാല് വിജയം സ്വന്തമാക്കിയ പഞ്ചാബ് നാലാം സ്ഥാനത്തുമാണ്. നെറ്റ് റണ്‍ റേറ്റിന്റെ അഭാവം മൂലമാണ് പഞ്ചാബ് നാലാം സ്ഥാനത്ത് എത്തിയത്.

എന്നിരുന്നാലും തുല്യശക്തികളായ ഇരു ടീമും ഏറ്റുമുട്ടുമ്പോള്‍ വമ്പന്‍ പോരാട്ടം തന്നെയാണ് ചിന്നസ്വാമിയില്‍ ആരാധകരെ കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ വിജയം സ്വന്തമാക്കിയ ബെംഗളൂരു തുടര്‍ വിജയം ലക്ഷ്യംവെച്ചാണ് കളത്തില്‍ ഇറങ്ങുന്നത്.

വമ്പന്‍ ടീമാണെങ്കിലും ഐ.പി.എല്ലില്‍ ഇതുവരെ ഒരു കിരീടം സ്വന്തമാക്കാന്‍ ബെംഗളൂരുവിന് സാധിച്ചിട്ടില്ല. ഈ സീസണില്‍ തങ്ങളുടെ കന്നി കിരീടം നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്.

Content Highlight: IPL 2025: Brad Haddin Talking About Panjab Kings

We use cookies to give you the best possible experience. Learn more