| Wednesday, 11th June 2025, 10:21 pm

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് അവന്‍ കളിച്ചു; സൂപ്പര്‍ താരത്തിന് പ്രശംസയുമായി ബ്രാഡ് ഹാഡിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷമാണ് പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരു കിരീടമുയര്‍ത്തിയത്.

നിര്‍ണായകമായ രണ്ടാം ക്വാളിഫയറില്‍ മുംബൈയെ പരാജയപ്പെടുത്തിയായിരുന്നു ശ്രേയസിന്റെ നേതൃത്വത്തില്‍ പഞ്ചാബ് ഫൈനലില്‍ എത്തിയത്. മുംബൈക്കെതിരെ അയ്യര്‍ 41 പന്തില്‍ 87* റണ്‍സ് നേടി പുറത്താകാതെ മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്.

രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ പരിശീലകരുടെ താത്പര്യങ്ങള്‍ നിഷേധിച്ചെന്ന് പറയുകയാണ് പഞ്ചാബിന്റെ അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്‍. ആദ്യം ബാറ്റ് ചെയ്യണമെന്ന തീരുമാനത്തെ എതിര്‍ത്തുകൊണ്ട് അയ്യര്‍ ബൗള്‍ ചെയ്യാമെന്ന് പറഞ്ഞെന്ന് ഹാഡിന്‍ പറഞ്ഞു. ക്യാപ്റ്റന് ഒരു തീരുമാനം എടുക്കാന്‍ പോണ്ടിങ്ങും അനുവദിച്ചെന്നും അയ്യര്‍ കളി ജയിക്കുമെന്ന് തങ്ങളോട് പറഞ്ഞെന്നും ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് അയ്യര്‍ കളിച്ചതെന്നും പരിശീലകന്‍ പറഞ്ഞു.

‘ആദ്യം ബാറ്റ് ചെയ്യുന്നതായിരിക്കും എല്ലാത്തിന്റെയും ലക്ഷ്യം, പക്ഷേ നിങ്ങളുടെ ക്യാപ്റ്റന്‍ ബൗള്‍ ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ അദ്ദേഹം ബാറ്റ് തെരഞ്ഞെടുത്തില്ല. ഞങ്ങള്‍ അദ്ദേഹത്തോട് ആദ്യം ബാറ്റ് ചെയ്യാന്‍ പറഞ്ഞു, പക്ഷേ അദ്ദേഹം വിസമ്മതിച്ചു. ഞങ്ങള്‍ ആദ്യം ബൗള്‍ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റന് ഒരു തീരുമാനം എടുക്കാന്‍ പോണ്ടിങ്ങും അനുവദിച്ചു. അയ്യര്‍ കളി ജയിക്കുമെന്ന് ഞങ്ങളോട് പറഞ്ഞു.

ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് അദ്ദേഹം കളിച്ചു, ഞങ്ങളെ ഫൈനലിലേക്ക് നയിച്ചു. ഇന്ത്യന്‍ നായകനെ തെരഞ്ഞെടുക്കാന്‍ തീരുമാനമെടുക്കുന്നവര്‍ ശ്രേയസ് അയ്യരെയും പരിഗണിക്കണം. സീസണിലുടനീളം അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു,’ ബ്രാഡ് ഹാഡിന്‍ ദി ഗ്രേഡ് ക്രിക്കറ്ററില്‍ പറഞ്ഞു.

എന്നാല്‍ ഏറ്റവും ഫൈനല്‍ മത്സരത്തില്‍ ഒരു റണ്‍സിന് അയ്യര്‍ പുറത്തായത് പഞ്ചാബിനെ ബാധിച്ചു. അതേസമയം ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും സീസണില്‍ മികച്ച പ്രകടനമാണ് ശ്രേയസ് പഞ്ചാബിന് വേണ്ടി നടത്തിയത്. 17 മത്സരങ്ങളില്‍ നിന്ന് 97* എന്ന ഉയര്‍ന്ന സ്‌കോറോടെ 604 റണ്‍സാണ് താരം അടിച്ചെടുത്തത്. 50.33 എന്ന ആവറേജും 175.7 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

Content Highlight: IPL 2025: Brad Haddin Praises Shreyas Iyer

We use cookies to give you the best possible experience. Learn more