| Wednesday, 7th May 2025, 4:09 pm

എല്ലാ ക്രെഡിറ്റും അവന് അവകാശപ്പെട്ടത്; സൂപ്പര്‍ താരത്തെക്കുറിച്ച് ഭുവനേശ്വര്‍ കുമാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിലവില്‍ ഒന്നാം സ്ഥാനക്കാര്‍ ഗുജറാത്ത് ടൈറ്റന്‍സാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈക്കെതിരെ വിജയം നേടിയാണ് ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തിയത്. മഴ വില്ലനായി എത്തിയ മത്സരത്തില്‍ ഡി.ആര്‍.എസ് രീതിയിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. സൂപ്പര്‍താരം വിരാട് കോഹ്‌ലിക്ക് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത രജത് പാടിദാറിന്റെ കീഴിലാണ് ബെംഗ്ലൂരുവിന്റെ കുതിപ്പ്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റ് സ്വന്തമാക്കിയാണ് ബെംഗളൂരു രണ്ടാം സ്ഥാനത്ത് എത്തിയത്. ഈ സീസണില്‍ തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടമാണ് ബെംഗളൂരു ലക്ഷ്യം വെക്കുന്നത്.

ഇത്തവണ ഫ്രാഞ്ചൈസി ഇന്ത്യന്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും ടീമില്‍ എടുത്തിരുന്നു. നിലവില്‍ ആര്‍.സി.ബിക്ക് വേണ്ടി 10 മത്സരങ്ങളില്‍ നിന്ന് 339 റണ്‍സ് വഴങ്ങി 12 വിക്കറ്റുകള്‍ ആണ് താരം വീഴ്ത്തിയത്. ഇപ്പോള്‍ ആര്‍.സി.ബി പോഡ്കാസ്റ്റില്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍. ടെസ്റ്റ് ക്രിക്കറ്റിന് മാറ്റം കൊണ്ടുവന്നത് വിരാടിന്റെ ആക്രമണ സമീപനം ആണെന്നാണ് ഭുവനേശ്വര്‍ പറയുന്നത്.

‘ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ക്യാപ്റ്റനായിരുന്ന രീതിയാണ് ടീമിന്റെ പരിവര്‍ത്തനത്തിന് കാരണം. എല്ലാ ക്രെഡിറ്റും വിരാടിനാണ്, അതിനുള്ള കാരണം ഗ്രൗണ്ടിലെ വിരാടിന്റെ സ്വഭാവമാണെന്ന് ഞാന്‍ കരുതുന്നു, അവന്റ ആക്രമണ രീതി അങ്ങനെയാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ആ സ്വഭാവം ആവശ്യമാണ്, കാരണം അത് അഞ്ച് ദിവസം നീണ്ടുനില്‍ക്കും, ആ അഭിനിവേശം എല്ലാവരിലും എത്തി,’ ഭുവനേശ്വര്‍ കുമാര്‍ ആര്‍.സി.ബി പോഡ്കാസ്റ്റില്‍ പറഞ്ഞു.

68 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലി 40 എണ്ണത്തില്‍ ഇന്ത്യയെ വിജയിപ്പിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വിജയകരമായ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാടാമണെന്ന് പറയുന്നതില്‍ തെറ്റില്ല. 58.82 എന്ന വിജയശതമാനമാണ് വിരാടിനുള്ളത്. കോഹ്‌ലിയുടെ കീഴില്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര വിജയം നേടിയിരുന്നു.

Content Highlight: IPL 2025: Bhuvaneshwar Kumar Praises Virat Kohli

Latest Stories

We use cookies to give you the best possible experience. Learn more