| Friday, 11th April 2025, 8:13 am

തോല്‍വിയിലും ഇവന്റെ തല താഴില്ല; പവര്‍പ്ലേ കിങ് നേടിയത് മിന്നല്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ക്യാപ്പിറ്റല്‍സ് നേടിയത്.

റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 13 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയിച്ചുകയറിയത്.

സൂപ്പര്‍ താരവും ബെംഗളൂരുവിന്റെ സ്വന്തം ഹോം ടൗണ്‍ ഹീറോയുമായ കെ.എല്‍. രാഹുലിന്റെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയത്. നാലാമനായി ഇറങ്ങിയ രാഹുല്‍ 53 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പടെ 93 റണ്‍സ് നേടി പുറത്താകാതെ നിന്നു. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 23 പന്തില്‍ നിന്ന് 38 റണ്‍സും നേടി പുറത്താകാതെ നിന്നു.

ബെംഗളൂരുവിന് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത്. ഭുവനേശ്വര്‍ കുമാറായിരുന്നു. 26 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. 6.50 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ജാക് ഫ്രേസര്‍ മഗര്‍ഗിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കയ്യിലെത്തിച്ചാണ് ഭുവി തന്റെ ആദ്യ വിക്കറ്റ് നേടിയത്. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ അഭിഷേക് പോരലിനെയും ഭുവി കീപ്പര്‍ ക്യാച്ചില്‍ കുരുക്കി.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് ഭുവിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ തന്റെ ആധിപത്യം നിലനിര്‍ത്താനും താരത്തിന് കഴിഞ്ഞു.

ഐ.പി.എല്ലില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ് (ഇന്നിങ്‌സ്)

ഭുവനേശ്വര്‍ കുമാര്‍ – 76 (179)

ട്രെന്റ് ബോള്‍ട്ട് – 64 (108)

ദീപക് ചഹര്‍ – 61 (86)

സന്ദീപ് ശര്‍മ – 61 (126)

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി ഓപ്പണര്‍ ഫില്‍ സാള്‍ട്ടും ടെയ്ല്‍ എന്‍ഡ് ബാറ്റര്‍ ടിം ഡേവിഡും 37 റണ്‍സ് വീതം നേടി മികവ് പുലര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ രജത് പാടിദര്‍ 25 റണ്‍സും വിരാട് കോഹ്‌ലി 22 റണ്‍സുമാണ് നേടിയത്.

ക്യാപ്പിറ്റല്‍സിനായി കുല്‍ദീപ് യാദവും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഇരുവരും നാല് ഓവര്‍ വീതമെറിഞ്ഞ് യഥാക്രമം 17ഉം 18ഉം റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വിക്കറ്റുകള്‍ നേടിയത്. മോഹിത് ശര്‍മയും മുകേഷ് കുമാറുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: IPL 2025: Bhuvaneshwar Kumar In Great Record Achievement In IPL Power Play

Latest Stories

We use cookies to give you the best possible experience. Learn more