| Wednesday, 4th June 2025, 5:17 pm

2011ല്‍ തുടങ്ങിയതാണ് ഈ ട്രെന്റ്; ബെംഗളൂരുവിന് ഇത് സ്‌പെഷ്യല്‍ വിക്ടറി

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷമാണ് പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരു കിരീടമുയര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിന് മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ഇതിനെല്ലാം പുറമേ ബെംഗളൂരുവിന്റെ ഈ വിജയത്തിന് മറ്റൊരു പ്രത്യേകതയും ഉണ്ട്. 2011ന് ശേഷം കളിച്ച 14 ഫൈനലുകളില്‍ 12ലും ടൂര്‍ണമെന്റ് ജേതാക്കള്‍ ആയത് ഒന്നാം ക്വാളിഫയറിലെ വിജയികളാണ്. 2013ല്‍ ആദ്യ ക്വാളിഫയര്‍ ആയത് ചെന്നൈ ആയിരുന്നു, 2017ല്‍ റൈസിങ് പൂനെയും ആദ്യ ക്വാളിഫയര്‍ ആയി.

2011ന് ശേഷമുള്ള ഐ.പി.എല്‍ വിജയികള്‍

2011 – ചെന്നൈ

2012 – കൊല്‍ക്കത്ത

2013 – മുംബൈ

2014 – കൊല്‍ക്കത്ത

2015 – മുംബൈ

2017 – മുംബൈ

2018 – ചെന്നൈ

2019 – മുംബൈ

2020 – മുംബൈ

2022 – ഗുജറാത്ത്

2023 – ചെന്നൈ

2024 – കൊല്‍ക്കത്ത

2025 – ബെംഗളൂരു

ബെംഗളൂരുവിന് വേണ്ടി ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് കോഹ്‌ലി നേടിയത്. മാത്രമല്ല ബൗളിങ്ങില്‍ ബെംഗളൂരുവിന് തുണയായത് ക്രുണാല്‍ പാണ്ഡ്യയായിരുന്നു. നാലോവര്‍ പന്തെറിഞ്ഞ താരം വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 4.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ക്രുണാല്‍ പാണ്ഡ്യയായിരുന്നു.

പഞ്ചാബിന്റെ വെടിക്കെട്ട് വീരന്മാരായ പ്രഭ്‌സിമ്രന്‍ സിങ്ങിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. കളിയുടെ ഗതി മാറ്റിയ വിക്കറ്റുകളായിരുന്നു രണ്ടും. അതേസമയം പഞ്ചാബ് സിംഹങ്ങള്‍ക്ക് വേണ്ടി ശശാങ്കസിങ് 61 റണ്‍സ് നേടി അവസാനം വരെ പോരാടിയെങ്കിലും കാലം കാത്തുവെച്ച വിജയം സ്വന്തമാക്കുകയായിരുന്നു ബെംഗളൂരു.

Content Highlight: IPL 2025: Bengaluru became the team to win the final by winning the first qualifier of the IPL final

We use cookies to give you the best possible experience. Learn more