| Saturday, 7th June 2025, 2:58 pm

ആര്‍.സി.ബി കുറ്റക്കാരാണ്, ആഘോഷങ്ങള്‍ നിയന്ത്രിച്ചേക്കും; ബി.സി.സി.ഐ സെക്രട്ടറി

സ്പോര്‍ട്സ് ഡെസ്‌ക്

ആര്‍.സി.ബിയുടെ ഐ.പി.എല്‍ വിജയാഘോഷ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഫ്രാഞ്ചൈസി ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ബി.സി.സി.ഐക്ക് അവകാശമില്ലെന്നും എന്നാല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.

‘സംഭവം നിര്‍ഭാഗ്യകരമാണ്, പക്ഷേ ഞങ്ങള്‍ ആരേയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഫൈനലിന് ശേഷം ബി.സി.സി.ഐ ഒരു സമ്മാനദാന ചടങ്ങ് സംഘടിപ്പിക്കാറുണ്ട്, എന്നാല്‍ ഇനി മുതല്‍, അത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള ഒരു ഉപദേശം ഞങ്ങള്‍ കൊണ്ടുവരും. ബി.സി.സി.ഐ ഒരു പരിപാടി സംഘടിപ്പിക്കുകയാണെങ്കില്‍ എല്ലാ കാര്യങ്ങളിലെയും സുരക്ഷ ഉറപ്പാക്കും.

ടി-20 ലോകകപ്പിന്റെ വിജയാഘോഷങ്ങള്‍ക്ക് ഞങ്ങള്‍ സമയമെടുക്കുകയും മുംബൈയില്‍ പരേഡ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. എന്നാല്‍ ആര്‍.സി.ബിയുടെ കാര്യത്തില്‍ മണിക്കൂറുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. അതുതന്നെയാണ് അതിന്റെ വ്യത്യാസവും,’ സൈകിയ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം 18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്.

ഐ.പി.എല്‍ ആവേശം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ ഇനി കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്.

മാത്രമല്ല 2024-25 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫാനലിന് നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്. സൈക്കിളില്‍ ഒന്നാം സ്ഥാനക്കാരായ സൗത്ത് ആഫ്രിക്കയും രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയുമാണ് ഫൈനലില്‍ കൊമ്പ് കോര്‍ക്കുന്നത്. ഓസ്‌ട്രേലിയ തന്നെ കിരീടം നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: IPL 2025: BCCI will issue an advisory to Avoid tragedy in victory celebration

We use cookies to give you the best possible experience. Learn more