ഐ.പി.എല്‍ 2025ല്‍ മെയ് എട്ടിന് ധര്‍മശാലയില്‍ വെച്ച് നടന്ന ദല്‍ഹി ക്യാപ്റ്റില്‍സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരം വീണ്ടും നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ – പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് സീസണിലെ 58ാം മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
മഴ കാരണം വൈകി ആരംഭിരിച്ചിരുന്ന മത്സരം 61 പന്തുകള്‍ക്ക് ശേഷം സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ ടൂര്‍ണമെന്റ് താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി കഴിഞ്ഞ ദിവസം (മെയ് 9) ബി.സി.സി.ഐ അറിയിച്ചിരുന്നു.
താരങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഐ.പി.എല്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് ടൂര്‍ണമെന്റ് വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, നിലവില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുന്നതിനാല്‍ ഐ.പി.എല്‍ എന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്നതില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
ടൂര്‍ണമെന്റ് വീണ്ടും നടത്തുമ്പോള്‍ പഞ്ചാബ് കിങ്സും ദല്‍ഹി ക്യാപിറ്റേഴ്സും തമ്മിലുള്ള മത്സരം പുനക്രമീകരിക്കാനും വീണ്ടും നടത്താനും ബി.സി.സി.ഐ പദ്ധതിയിടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മത്സരം വീണ്ടും നടത്തുന്നത് ദല്‍ഹി ക്യാപിറ്റല്‍സിനും പഞ്ചാബ് കിങ്സിനും വലിയ ആശ്വാസമാകും. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ ഇരു ടീമുകള്‍ക്കും ഈ മത്സരം നിര്‍ണായകമായിരുന്നു. പഞ്ചാബിന് ഒരു വിജയമകലെ പ്ലേ ഓഫില്‍ കടക്കാമെന്നിരിക്കെയായിരുന്നു മത്സരം ഉപേക്ഷിച്ചത്. അതേസമയം, ക്യാപിറ്റല്‍സിന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്നു.
നിലവില്‍ പഞ്ചാബ് കിങ്‌സിന് 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും മൂന്ന് തോല്‍വിയുമായി 16 പോയിന്റ് നേടി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. ദല്‍ഹി ക്യാപിറ്റല്‍സ് 12 മത്സരങ്ങളില്‍ നിന്ന് ആറ് ജയവുമായി 14 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഇരുവര്‍ക്കും രണ്ട് മത്സരങ്ങള്‍ വീതമാണ് ബാക്കിയുള്ളത്.
അതേസമയം, ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്‌ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
Content Highlight: IPL 2025: BCCI Plan to Replay PBKS vs DC match when IPL 2025 resumes: Report