| Thursday, 20th March 2025, 7:35 pm

ഈ ഐ.പി.എല്‍ ഫാസ്റ്റ് ബൗളര്‍മാര്‍ കൊണ്ടുപോകും!! ആ വിലക്ക് നീക്കി; മിന്നിക്കാന്‍ പുതിയ നിയമവും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 18ാം സീസണില്‍ ബൗളര്‍മാരെ തുണയ്ക്കുന്ന നിയമങ്ങളുമായി ബി.സി.സി.ഐ. പന്തില്‍ ഉമിനീര്‍ പുരട്ടുന്നതിനുള്ള വിലക്ക് ഒഴിവാക്കുന്നതടക്കമുള്ള നിയമങ്ങളാണ് ബി.സി.സി.ഐ പുതിയ സീസണിന് മുന്നോടിയായി കൊണ്ടുവന്നിരിക്കുന്നത്. സീസണിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത ക്യാപ്റ്റന്‍മാരുടെ യോഗത്തിന് പിന്നാലെയാണ് ഈ തീരുമാനങ്ങള്‍.

ഉമിനീര്‍ ഉപയോഗിച്ച് പന്ത് ഷൈന്‍ ചെയ്യിക്കാന്‍ ബൗളര്‍മാര്‍ക്ക് അനുവാദം നല്‍കുന്നതാണ് പ്രധാന നിയമം. ഇതിലൂടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വലിയ തോതിലുള്ള ആനുകൂല്യം ലഭിക്കും. നേരത്തെ നിലവിലുണ്ടായിരുന്ന സലൈവ റൂളാണ് അപെക്‌സ് ബോര്‍ഡ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്.

ബി.സി.സി.ഐയുടെ ഈ തീരുമാനത്തെ ഐ.പി.എല്ലിലെ മിക്ക ക്യാപ്റ്റന്‍മാരും അനുകൂലിക്കുകയും ചെയ്തു.

നേരത്തേ കൊവിഡ് മഹാമാരിയുടെ കാലത്താണ് രോഗവ്യാപനം തടയുന്നതിനായി ഉമനീര്‍ ഉപയോഗിച്ച് പന്തിന് തിളക്കം കൂട്ടുന്ന പതിവ് ഐ.സി.സി വിലക്കിയത്. 2022ല്‍ ഇതിനെ എന്നെന്നേക്കുമായി വിലക്കാനും ഐ.സി.സി തീരുമാനമെടുത്തിരുന്നു. ഈ നിയമം ബൗളര്‍മാര്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. പല ബൗളര്‍മാരും ഈ നീക്കത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

ബൗളിങ്ങില്‍ സ്വിങ്ങും റിവേഴ്‌സ് സ്വിങ്ങും ലഭിക്കുന്നതിനായാണ് ബൗളര്‍മാര്‍ ഇത്തരത്തില്‍ ഉമിനീര്‍ ഉപയോഗിച്ചിരുന്നത്. പന്ത് പഴകുമ്പോള്‍ പന്തിന്റെ ഒരു ഭാഗത്ത് ഉമിനീര്‍ ഉപയോഗിച്ച് തിളക്കം കൂട്ടുമ്പോള്‍ ആ ഭാഗം മറുഭാഗത്തേക്കാള്‍ മിനുസമുള്ളതാകുന്നു. ഇതിലൂടെയാണ് ബൗളര്‍മാര്‍ റിവേഴ്‌സ് സ്വിങ്ങടക്കമുള്ള ആയുധങ്ങള്‍ ബാറ്റര്‍മാര്‍ക്കെതിരെ പ്രയോഗിക്കുന്നത്.

സലൈവ റൂളിന് പിന്നാലെ പന്തിന് തിളക്കം വരുത്താന്‍ ബൗളര്‍മാര്‍ മറ്റ് വഴികളും ഉപയോഗിച്ചിരുന്നു.

ഇപ്പോള്‍ വിലക്ക് എടുത്തു കളഞ്ഞതോടെ സലൈവ റൂളില്‍ മാറ്റം കൊണ്ടുവന്ന ലോകത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റായി ഐ,പി.എല്‍ മാറി. ബി.സി.സി.ഐയുടെ ഈ നീക്കം ബൗളര്‍മാര്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

അടുത്ത നിയമമെന്ത്?

ഈ നിയമവും ബൗളര്‍മാരെ ഉദ്ദേശിച്ചുകൊണ്ടുള്ളത് തന്നെയാണ്. രാത്രികളില്‍ നടക്കുന്ന മത്സരങ്ങളുടെ രണ്ടാം ഇന്നിങ്‌സിലെ ആദ്യ പത്ത് ഓവറിന് ശേഷം പുതിയ പന്ത് ഉപയോഗിക്കാനുള്ള നിയമമാണിത്. മഞ്ഞുവീഴ്ച കാരണമുള്ള ഇംപാക്ട് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമം. ഇതോടെ രണ്ടാം ഇന്നിങ്‌സിലെ 11ാം ഓവറില്‍ രണ്ടാം ന്യൂബോള്‍ ഉപയോഗിക്കാന്‍ ബൗളര്‍മാര്‍ക്ക് അനുവാദം ലഭിച്ചേക്കും.

രാത്രിയിലെ മത്സരങ്ങളില്‍ റണ്‍ചെയ്‌സിനിടെ മഞ്ഞൂവീഴ്ചയുടെ ആനുകുല്യം ബാറ്റിങ് ടീമിന് ലഭിക്കാറുണ്ട്. ഇതു കാരണമാണ് രണ്ടാമിന്നിങ്സിലെ 11ാമത്തെ ഓവറില്‍ പുതിയ ബോള്‍ ഉപയോഗിക്കാമെന്ന പുതിയ നിയമം കൊണ്ടുവന്നത്.

എന്നാല്‍ മത്സരത്തില്‍ രണ്ടാം ന്യൂബോള്‍ ഉപയോഗിക്കണമോ എന്നതിനെ സംബന്ധിച്ച് അമ്പയര്‍മാര്‍ക്ക് തീരുമാനമെടുക്കാം. രണ്ടാം ന്യൂ ബോളിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം അമ്പയറുടേതായിരിക്കും.

Content Highlight: IPL 2025: BCCI lifts ban on applying saliva to the ball

We use cookies to give you the best possible experience. Learn more