| Sunday, 20th April 2025, 11:27 am

ജോണ്ടി റോഡ്‌സും ഡിവില്ലിയേഴ്‌സുമല്ല, ഏറ്റവും മികച്ച് ഫീല്‍ഡര്‍ അവന്‍; തുറന്ന് പറഞ്ഞ് ആശിഷ് നെഹ്‌റ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം (ശനിയാഴ്ച) നടന്ന ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഗുജറാത്ത് ടൈറ്റന്‍സ് 200+ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നത്.

ഇപ്പോള്‍ ഗുജറാത്തിന്റെ മുഖ്യ പരിശീലകന്‍ ആശിഷ് നഹ്‌റ ചെന്നൈ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്രശംസിച്ച് സംസാരിക്കുകയാണ്. വര്‍ഷങ്ങളായി മികവുള്ള ഫീല്‍ഡര്‍മാരെ കാണാറുണ്ടെന്നും എന്നിരുന്നാലും ജോണ്ടി റോഡ്‌സ്, ഡിവില്ലിയേഴ്‌സ് എന്നീ താരങ്ങള്‍ക്ക് മുകളിലാണ് ജഡേജയെന്നും നെഹ്‌റ പറഞ്ഞു.

‘വര്‍ഷങ്ങളായി ഞാന്‍ നിരവധി മികച്ച ഫീല്‍ഡര്‍മാരെ കണ്ടിട്ടുണ്ട്. ചിലര്‍ ഔട്ട് ഫീല്‍ഡിലും മറ്റു ചിലര്‍ ഇന്നര്‍ സര്‍ക്കിളിലും മികവ് പുലര്‍ത്തുന്നു. യാര്‍ഡ് സര്‍ക്കിളിനുള്ളിലെ ഏറ്റവും മികച്ച ഫീല്‍ഡറായി ജോണ്ടി റോഡ്സിനെയാണ് എല്ലാവരും കണക്കാക്കുന്നത്. ഓള്‍റൗണ്ട് ഫീല്‍ഡിങ്ങിനെക്കുറിച്ച് പറയുമ്പോള്‍ എ.ബി. ഡിവില്ലിയേഴ്‌സും എന്റെ ഓര്‍മയിലേക്ക് വരും, മാത്രമല്ല ആന്‍ഡ്രൂ സൈമണ്ട്സിനെയും ജഡേജയെയും പോലുള്ള കളിക്കാരും ഉണ്ട്.

എന്നാല്‍ മറ്റാരേക്കാളും ഞാന്‍ മുന്‍ഗണന നല്‍കുന്നത് ജഡേജയ്ക്കാണ്. അത് അദ്ദേഹത്തിന്റെ പ്രായത്തിന്റെ മാത്രം കാര്യമല്ല. വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കഴിവുകള്‍ മാറിയിട്ടില്ല. ഇതെല്ലാം അദ്ദേഹത്തിന്റെ അവിശ്വസനീയമായ ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കുന്നു. അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹം അത് ഞങ്ങളുമായി പങ്കിടണം,’ ഗുജറാത്ത് പരിശീലകന്‍ ആശിഷ് നഹ്‌റ പറഞ്ഞു.

അതേസമയം 2025ലെ ഐ.പി.എല്ലില്‍ ഇതുവരെ രവീന്ദ്ര ജഡേജ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. ഏഴ് മത്സരത്തില്‍ നിന്ന് 92 റണ്‍സാണ് താരം നേടിയത്. 115.0 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്.

പന്തിലും ബാറ്റിലും വലിയ സ്വാധീനം ചെലുത്താന്‍ ജഡേജയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ശേഷിക്കുന്ന മത്സരങ്ങളില്‍ ജഡേജ തന്റെ മികച്ച ഫോം കണ്ടെത്തുമെന്നും കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

Content Highlight: IPL 2025: Ashish Nehra Praises Ravindra Jadeja

We use cookies to give you the best possible experience. Learn more