| Friday, 6th June 2025, 8:34 pm

അവനുവേണ്ടി 23.50 കോടി വരെ മുടക്കാന്‍ ആര്‍.സി.ബി തയ്യാറായിരുന്നു, കൊല്‍ക്കത്തയില് പോയി അവന്റെ മികച്ച സീസണ്‍ ഇല്ലാതായി; സൂപ്പര്‍ താരത്തെക്കുറിച്ച് ആന്‍ഡി ഫ്‌ളവര്‍

സ്പോര്‍ട്സ് ഡെസ്‌ക്

18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്.

ബെംഗളൂരുവിനെ ആദ്യമായി കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ആന്‍ഡി ഫ്‌ളവര്‍. ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇടങ്കയ്യന്‍ ബാറ്റര്‍ വെങ്കിടേഷ് ആയിരെ കുറിച്ച് സംസാരിക്കുകയാണ് ബെംഗളൂരുവിന്റെ മുഖ്യ പരിശീലകനായ ആന്‍ഡി ഫ്‌ളവര്‍.

2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച മെഗാ താരത്തില്‍ വെങ്കിയെ സ്വന്തമാക്കാന്‍ ടീം മാനേജ്‌മെന്റ് പരിശ്രമിച്ചെന്നും എന്നാല്‍ താരത്തിനെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ആര്‍.സി.ബിയില്‍ കളിച്ചിരുന്നെങ്കില്‍ വെങ്കിടേശന് മികച്ച ഒരു സീസണ്‍ ലഭിക്കുമായിരുന്നു എന്നും ഫ്‌ളവര്‍ കൂട്ടിച്ചേര്‍ത്തു.

‘ലേലത്തില്‍ വെങ്കിടേശ് അയ്യരെ ടീമിലെത്തിക്കാന്‍ ആര്‍.സി.ബി മാനേജ്‌മെന്റ് നന്നായി പരിശ്രമിച്ചു. ടീമില്‍ മികച്ചൊരു ഇന്ത്യന്‍ യുവതാരം ഉണ്ടാവണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ആര്‍.സി.ബി ടോപ് ഓര്‍ഡറില്‍ മികച്ച ചില യുവതാരങ്ങളും ഒരു ഇടംകയ്യന്‍ ബാറ്ററും ഉണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. വെങ്കിടേശ് ആര്‍.സി.ബിക്ക് വേണ്ടി കളിച്ചിരുന്നെങ്കില്‍ അവന് തീര്‍ച്ചയായും നല്ലൊരു സീസണ്‍ ഉണ്ടാകുമായിരുന്നു,’ ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.

വെങ്കിടേശിനായി 23.50 കോടി വരെ മുടക്കാന്‍ ആര്‍.സി.ബി തയ്യാറായിരുന്നെന്നും എന്നാല്‍ 23.75 കോടിക്ക് താരത്തെ കൊല്‍ക്കത്ത ടീമില്‍ എടുക്കുകയായിരുന്നെന്നും പരിശാലകന്‍ പറഞ്ഞിരുന്നു. സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ച വെങ്കിടേഷ് അയ്യര്‍ 11 മത്സരങ്ങളില്‍ നിന്നും വെറും 142 റണ്‍സാണ് നേടിയത്.

അതില്‍ 60 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. 20.29 എന്ന ആവറേജിലും 139.22 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വെങ്കിയുടെ ബാറ്റിങ് പ്രകടനം. താരത്തെ സംബന്ധിച്ച് 2025 സീസണ്‍ വളരെ മോശമായിരുന്നു. മാത്രമല്ല ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ഐ.പി.എല്ലില്‍ ഇതുവരെ 62 മത്സരങ്ങളില്‍ നിന്ന് 1468 റണ്‍സ് ആണ് നേടിയത്. 104 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 29.96 എന്ന ആവറേജും 137.32 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 12 അര്‍ധ സെഞ്ച്വറികള്‍ ആണ് താരം ഐപിഎല്ലില്‍ നേടിയത്.

Content Highlight: IPL 2025: Andy Flower Talking About Vinkitesh Iyer

We use cookies to give you the best possible experience. Learn more