ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും സാധിച്ചു.
പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്നൗവിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ലഖ്നൗ ക്യാപ്റ്റന്‍ റിഷബ് പന്ത് വീണ്ടും മോശം ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. 17 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 18 റണ്‍സാണ് താരം നേടിയത്. 105.88 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
മാത്രമല്ല പതിനെട്ടാം സീസണില്‍ 27 കോടി രൂപയ്ക്ക് ലഖ്നൗ സ്വന്തമാക്കിയ റിഷബ് പന്ത് സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി ഒഴിച്ചാല്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസണിലെ ഏറ്റവും വിലകൂടിയ താരമായിരുന്നിട്ടും ആകെ 12.80 ശരാശരിയില്‍ 128 റണ്‍സും 99.22 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. 0, 15, 2, 2, 21, 63, 3, 0, 4, 18 എന്ന സ്‌കോറിലാണ് താരം സീസണില്‍ ബാറ്റ് ചെയ്തത്.
ഇപ്പോള്‍ റിഷബിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ബാറ്റിങ് ശൈലിയോ ഓര്‍ഡറോ മാറ്റാന്‍ റിഷബ് ശ്രമിക്കുന്നില്ലെന്നും സഹതാപമാണ് താരത്തോട് തോന്നുന്നതെന്നും റായിഡു പറഞ്ഞു. ബുദ്ധിമുട്ടുകയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പന്തിനോട് മാറാന്‍ ശ്രമിക്കാനും റായിഡു പറഞ്ഞു.
‘ഈ സമയത്ത് റിഷബ് പന്ത് ബാറ്റ് ചെയ്യുന്ന രീതിയോ ബാറ്റിങ് ഓര്‍ഡറോ മാറ്റാന്‍ തയ്യാറാകാത്തതില്‍ എനിക്ക് സഹതാപമാണ് തോന്നുന്നത്. ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുകൂലമല്ലാതിരുന്നിട്ടും അത് തന്നെ തുടരുന്നതില്‍ പന്ത് ശാഠ്യം പിടിക്കുകയാണ്. ബുദ്ധിമുട്ടുകയാണ് എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ച് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ ശാഠ്യക്കാരനാകാതെ മെച്ചപ്പെടാന്‍ റിഷബ് ശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അമ്പാട്ടി റായിഡു പറഞ്ഞു.
11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലഖ്നൗ. മാത്രമല്ല പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ പന്തിനും കൂട്ടര്‍ക്കും വരും മത്സരങ്ങള്‍ നിര്‍ണായകമാണ്. മെയ് ഒമ്പതിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് ലഖ്നൗവിന്റെ അടുത്ത മത്സരം. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: IPL 2025: Ambati Rayudu Criticize Rishabh Pant In Poor Performance