| Wednesday, 4th June 2025, 3:12 pm

ബെംഗളൂരുവിന് അവര്‍ പ്രശ്‌നക്കാരാകുമെന്ന് കരുതി, എന്നാല്‍ ടീമിന് കരുത്തായി; പ്രശംസയുമായി ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ ജേതാക്കളെ സമ്മാനിച്ച് ഐ.പി.എല്‍ 2025 സീസണ്‍ വിരാമമായിരിക്കുന്നു. 18 വര്‍ഷത്തെ പരിഹാസങ്ങള്‍ക്കും കാത്തിരിപ്പിനും മറുപടിയായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നി കിരീടത്തില്‍ മുത്തമിട്ടു. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് മോഹ കപ്പ് പ്ലേ ബോള്‍ഡ് ആര്‍മി സ്വന്തമാക്കിയത്.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് എടുത്തിരുന്നത്. ജയിക്കാനും കിരീടം നേടാനും ആര്‍.സി.ബിക്ക് ഈ സ്‌കോര്‍ മതിയാവില്ലെന്ന് കമന്റേറ്റര്‍മാരടക്കം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ച് ബെംഗളൂരു ബൗളര്‍മാര്‍ പഞ്ചാബിനെ വരുതിയിലാക്കി.

മറുപടി ബാറ്റിങ്ങില്‍ ശ്രേയസിന്റെ സംഘത്തിനെ 184ല്‍ ഒതുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ബെംഗളൂരു ടീമിന്റെ സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ പാണ്ഡ്യയായിരുന്നു. ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും താരമാണ്.

ഇപ്പോള്‍ താരത്തിനെ കുറിച്ചും ടീമിലെ മറ്റ് സ്പിന്നര്‍മാരെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലേലത്തിന് ശേഷം ബെംഗളൂരുവിന്റെ ടീം കണ്ടപ്പോള്‍ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് ഒരു പ്രശ്നമാകുമെന്ന് കരുതിയെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും മികച്ച പ്രകടനം പുറത്തെടുത്ത് ക്ലാസ് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘ലേലത്തിന് ശേഷം ബെംഗളൂരുവിന്റെ ടീം കണ്ടപ്പോള്‍ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് ഒരു പ്രശ്നമാകുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ക്രുണാല്‍ പാണ്ഡ്യ മൂന്നും സുയാഷ് ശര്‍മ ഒരു പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി അവരുടെ ക്ലാസ് തെളിയിച്ചു.

നിങ്ങളുടെ ദൗര്‍ബല്യം തന്നെ ശക്തിയായി മാറി. ബെംഗളൂരുവിനായി രണ്ട് സ്പിന്നര്‍മാരും മികച്ച പ്രകടനമാണ് നടത്തിയത്,’ ആകാശ് ചോപ്ര പറഞ്ഞു.

ഫൈനലില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി 4.25 എക്കോണമിയിലാണ് ക്രുണാല്‍ പാണ്ഡ്യ പന്തെറിഞ്ഞത്. താരം 17 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. സീസണില്‍ 17 മത്സരങ്ങളില്‍ ഓള്‍റൗണ്ടര്‍ 17 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

അതേസമയം, ഫൈനലില്‍ സുയാഷിന് വിക്കറ്റൊന്നും വീഴ്ത്താന് കഴിയില്ലെങ്കിലും സീസണിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ 8 വിക്കറ്റുകള്‍ സ്പിന്നര്‍ വീഴ്ത്തിയിട്ടുണ്ട്. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെതിരെ സുയാഷ് 17 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു.

Content Highlight: IPL 2025: Akash Chopra talks about  Krunal Pandya and Suyash Sharma

We use cookies to give you the best possible experience. Learn more