| Friday, 9th May 2025, 11:48 am

അവന്‍ ടീമിന്റെ നിശബ്ദ പോരാളി; പരിക്കേറ്റ് പുറത്തായ താരത്തെ കുറിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മികച്ച ഫോമില്‍ തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വലിയ തിരിച്ചടി നല്‍കികൊണ്ട് കഴിഞ്ഞ ദിവസം ദേവ്ദത്ത് പടിക്കല്‍ ടൂര്‍ണമെന്റില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരുന്നു. ബെംഗളുരുവിന്റെ മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായ താരം ബാറ്റിങ്ങില്‍ ടീമിന് വലിയ മുതല്‍ കൂട്ടായിരുന്നു.

ഇപ്പോള്‍ താരത്തിന്റെ വിടവ് ബെംഗളൂരുവിന് വലിയ നഷ്ടമാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആര്‍.സി.ബി ദേവദത്ത് പടിക്കലിനെ മിസ് ചെയ്യുമെന്നും അവന്‍ ടീമിന്റെ നിശബ്ദ പോരാളിയായിരുന്നുവെന്നും ചോപ്ര പറഞ്ഞു.

‘ആര്‍.സി.ബി ദേവദത്ത് പടിക്കലിനെ മിസ് ചെയ്യും. അവന്‍ ടീമിന്റെ നിശബ്ദ പോരാളിയായിരുന്നു. പുതിയ മൂന്നാം നമ്പര്‍ ബാറ്റര്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ അവര്‍ക്ക് അത് വലിയ പ്രശ്‌നമാകും.

എന്നിരുന്നാലും, ബെംഗളൂരുവിന് ഏഴില്‍ ഏഴും ജയിക്കാനുള്ള അവസരമുണ്ട്. അവര്‍ ഇതിനകം ആറ് എവേ മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ബെംഗളൂരു എല്ലാ എവേ മത്സരങ്ങളും ജയിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’ ആകാശ് ചോപ്ര പറഞ്ഞു.

പതിനെട്ടാം സീസണില്‍ ടീമിനായി ദേവ്ദത്ത് പടിക്കല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിരുന്നു. 10 ഇന്നിങ്‌സുകളില്‍ താരം 247 റണ്‍സ് നേടിയിട്ടുണ്ട്. 27.44 ആവറേജിലും 150.60 സ്ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത പടിക്കല്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. താരം ടീമിന്റെ റണ്‍ വേട്ടക്കാരില്‍ രണ്ടാമനായിരുന്നു.

ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ബെംഗളൂരു പടിക്കലിന് പകരക്കാരനെ പ്രഖ്യാപിച്ചിരുന്നു. പരിചയ സമ്പന്നനായ മായങ്ക് അഗര്‍വാളിനെയാണ് ബെംഗളൂരു ടീമിലെത്തിച്ചത്.

അതേസമയം, ഐ.പി.എല്ലില്‍ ഇന്ന് (വെള്ളി) നടക്കാനിരുന്ന ലഖ്നൗ- ബെംഗളൂരു പോരാട്ടം മാറ്റിവെക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തിലാണ് തീരുമാനം. നാളെ (ശനി) ഐ.പി.എല്‍ നടത്തിപ്പിനെക്കുറിച്ച് വ്യക്തമാക്കുമെന്നും ബി.സി.സി.ഐ പറഞ്ഞിരുന്നു.

മാത്രമല്ല സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനത്തോട് അടുക്കുമ്പോള്‍ മത്സരങ്ങളുടെ നടത്തിപ്പും ആശങ്കയിലാണ്.

Content Highlight: IPL 2025: Akash Chopra talks about Devdutt Padikkal and Royal Challengers Bengaluru

We use cookies to give you the best possible experience. Learn more